Mnister K Babu -DYFI-Black flag

തിരുവനന്തപുരം: ബിവറേജസ് കോര്‍പ്പറേഷന്റെ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്യാനെത്തിയ എക്‌സൈസ് മന്ത്രി കെ.ബാബുവിനേയും മന്ത്രി വി.എസ്.ശിവകുമാറിനേയും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു.

വി.ശിവന്‍കുട്ടി എംഎല്‍എയുടെ നേതൃത്വത്തില്‍ സ്ത്രീകളുള്‍പ്പെടെയുള്ള ഇടതുമുന്നണി പ്രവര്‍ത്തകരാണ് മന്ത്രിയെ തടഞ്ഞത്. കോഴ വാങ്ങിയ മന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
പിഎംജി ജംഗ്ഷനില്‍ മന്ത്രിമാരുടെ കാര്‍ വഴിയില്‍ തടഞ്ഞാണു പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്. മന്ത്രിമാരുടെ വാഹനത്തിനു നേരെ പ്രവര്‍ത്തകര്‍ കല്ലെറും നടത്തി. ഇതേതുടര്‍ന്നു പ്രതിഷേധക്കാര്‍ക്കു നേരെ പോലീസ് ലാത്തിചാര്‍ജ് നടത്തി.

രാവിലെ 10.30ഓടെയാണ് ഉദ്ഘാടനത്തിനായി ഔദ്യോഗിക വാഹനത്തില്‍ മന്ത്രിമാര്‍ എത്തിയത്. മന്ത്രിമാര്‍ എത്തുന്നതറിഞ്ഞ് നേരത്തെ തന്നെ വി.ശിവന്‍കുട്ടി എംഎല്‍എയുടെ നേതൃത്വത്തില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തമ്പടിച്ചിരുന്നു. ഇതോടെ വന്‍ പൊലീസ് സന്നാഹവുമെത്തി.

മന്ത്രിമാര്‍ എത്തിയതോടെ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളോടെ കരിങ്കൊടി കാണിക്കുകയായിരുന്നു. പ്രവര്‍ത്തകര്‍ പിന്‍വാങ്ങാന്‍ തയ്യാറാകാതെ വന്നതോടെ മന്ത്രിമാരുടെ വാഹനങ്ങള്‍ റോഡില്‍ നിറുത്തിയിട്ടു. ഉദ്ഘാടനം ചെയ്യാതെ മടങ്ങില്ലെന്ന് മന്ത്രി ബാബു നിലപാട് എടുത്തതോടെ നേരിയ തോതില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തു. സംഭവത്തെ തുടര്‍ന്നു മന്ത്രിമാരെ സമീപമുള്ള മസ്‌ക്കറ്റ് ഹോട്ടലിലേക്കു മാറ്റി. പിന്നീട് മറ്റൊരു വഴിയില്‍ വേദിയിലെത്തിയ മന്ത്രി കെ. ബാബു ഉദ്ഘാടനം നിര്‍വഹിച്ചു.

Top