കുട്ടികളെ ബന്ദിയാക്കിയ സംഭവം:പൊലീസ് വെടിവച്ചുകൊന്ന അക്രമിയുടെ ഭാര്യയെ നാട്ടുകാര്‍ തല്ലിക്കൊന്നു

beat

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ 23 കുട്ടികളെ ബന്ദിയാക്കിയ കൊലക്കേസ് പ്രതിയുടെ ഭാര്യ ആള്‍ക്കൂട്ടാക്രമണത്തെ തുടര്‍ന്ന് മരിച്ചു. കുട്ടികളെ ബന്ദികളാക്കിയ സംഭവത്തില്‍ സുഭാഷ് ബദ്ദാമിനെ പൊലീസ് വെടിവച്ചുകൊന്നതിന് പിന്നാലെയാണ് ഇയാളുടെ ഭാര്യയെ ആള്‍ക്കൂട്ടം തല്ലിക്കൊന്നത്. ഉത്തര്‍പ്രദേശിലെ ഫരീദാബാദിലാണ് സംഭവം.

ഇവരുടെ മകള്‍ നോക്കി നില്‍ക്കെയായിരുന്നു നാട്ടുകാരുടെ ക്രൂരത. ഗുരുതരമായി തലയ്ക്ക് അടക്കം പരിക്കേറ്റ ഇവരെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. കുട്ടികളെ ബന്ദികളാക്കിയ സംഭവത്തില്‍ സുഭാഷിന്റെ ഭാര്യയ്ക്ക് പങ്കുണ്ടായിരുന്നോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല.

ജാമ്യത്തില്‍ പുറത്തിറങ്ങിയ സുഭാഷ് ബദ്ദാം മകളുടെ പിറന്നാളാഘോഷത്തിന്റെ പേരില്‍ ഗ്രാമത്തിലെ ഇരുപതോളം കുട്ടികളെ വിളിച്ചു വരുത്തി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷം ബന്ദിയാക്കുകയായിരുന്നു. കുട്ടികള്‍ മടങ്ങി എത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചെത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. വിവരമറിയിച്ചതിനെ തുടര്‍ന്നെത്തിയ പൊലീസ് സുഭാഷുമായി അനുനയനീക്കത്തിന് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് രാത്രിയോടെ പൊലീസ് നടത്തിയ നീക്കത്തിനിടെ സുഭാഷ് വെടിയേറ്റ് മരിക്കുകയായിരുന്നു. സുഭാഷ് ബഥമിന് മാനസികരോഗമുണ്ടെന്നാണ് പൊലീസ് പറയുന്നത്.

സുഭാഷിന്റെ ഭാര്യയെ നാട്ടുകാര്‍ മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിച്ച മൂന്ന് പൊലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഒരു നാട്ടുകാരനും തിക്കിലും തിരക്കിലും പെട്ട് പരിക്കേറ്റു.

Top