നോട്ടു നിരോധനം ഏറ്റവും കൂടുതല്‍ ബാധിച്ചവരാണ് തെരുവോര കച്ചവടക്കാര്‍. വാഹനങ്ങളിലും റെയില്‍വെ, ബസ് സ്റ്റേഷനുകളിലും മറ്റും കച്ചവടം നടത്തി ജീവിക്കുന്ന ചെറുകിട കച്ചവടക്കാരെ സംബന്ധിച്ചിടത്തോളം നോട്ടു നിരോധനം വലിയ തിരിച്ചടിയായി.
ഏറ്റവും കുറഞ്ഞ വിലയ്ക്ക്, ചില്ലറ കൊടുത്ത് വാങ്ങേണ്ട ഈ സാധനങ്ങളെല്ലാം ഉപഭോക്താക്കള്‍ വാങ്ങാതെയായി. സാധനം വാങ്ങിക്കല്‍ കാര്‍ഡുകള്‍ എടുക്കുന്ന ഷോപ്പുകളിലേയ്ക്കും മാളുകളിലേയ്ക്കും മാറ്റിയത് ചെറുകിട കച്ചവടക്കാരെയും തെല്ലൊന്നുമല്ല ഉലച്ചത്.
ഇവര്‍ക്കായി പുതിയ സംവിധാനമൊരുക്കുമെന്ന് ഇ-പെയ്‌മെന്റ് കമ്പനികള്‍ ഉറപ്പുനല്‍കിയിട്ടുണ്ട്.
രാജ്യത്തെ ഏകദേശം 30 ലക്ഷത്തോളം വരുന്ന തെരുവോര കച്ചവടക്കാരെ സഹായിക്കാനാണ് പുതിയ നീക്കം. ഇവര്‍ക്കായി ചെറിയ തുകകളുടെ ഡിജിറ്റല്‍ ഇടപാടുകള്‍ എളുപ്പത്തില്‍ നടത്താനുള്ള സംവിധാനം ഉടന്‍ നിലവില്‍ വരുമെന്നു ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
ഇതിനായി ദി നാഷനല്‍ അസോസിയേഷന്‍ ഓഫ് സ്ട്രീറ്റ് വെന്‍ഡേര്‍സ് ഓഫ് ഇന്ത്യ (NASVI) മൊബൈല്‍ വോലെറ്റ് മോബിക്വിക്കുമായി കൈകോര്‍ക്കും.
നോട്ടു നിരോധനം പാവപ്പെട്ട കച്ചവടക്കാരുടെ ജീവിതം ദുരിതത്തിലായെന്നും ഈ അവസ്ഥയില്‍ നിന്ന് അവരെ കൈപിടിച്ചു കയറ്റാന്‍ മൊബിക്വിക്കുമായുള്ള സഹകരണത്തിലൂടെ സാധ്യമാവുമെന്നുമ NASVI സ്ഥാപകന്‍ അര്‍ബിന്ദ് സിങ് പറഞ്ഞു.
നോട്ടുനിരോധനം കാരണം തെരുവോരകച്ചവടത്തില്‍ എഴുപതു ശതമാനം ഇടിവ് സംഭവിച്ചു. പുതിയ സംവിധാനം അവരുടെ കച്ചവടം പൂര്‍വാധികം ശക്തിയോടെ തിരിച്ചു വരാന്‍ സഹായകമാവും.
‘ഭാരത്, ഇന്ത്യ’ എന്നിവ തമ്മിലുള്ള വിടവ് നികത്താനാണ് തങ്ങളുടെ പരിശ്രമമെന്ന് മൊബിക്വിക്ക് സഹസ്ഥാപക ഉപാസന താക്കു പറഞ്ഞു. ‘ദേശ് കേലിയേ ,ദേശ് കാ വോലെറ്റ് ‘ എന്നാണു മൊബിക്വിക്കിന്റെ ആപ്തവാക്യം.
ആളുകള്‍ക്ക് ഇ പെയ്‌മെന്റ് വഴി പണമിടപാടുകള്‍ നടത്താനുള്ള പരിശീലനം നല്‍കാന്‍ തങ്ങള്‍ സന്നദ്ധരാണെന്നും ഉപാസന പറഞ്ഞു.
വരുന്ന മൂന്നു മാസങ്ങള്‍ക്കുള്ളില്‍ 30 ലക്ഷം തെരുവു കച്ചവടക്കാര്‍ക്ക് ക്യാഷ്‌ലെസ് മാര്‍ഗങ്ങള്‍ ഉപയോഗിക്കാനുള്ള പരിശീലനം നല്‍കും. ശേഷം ബാക്കി വരുന്നവര്‍ക്ക് കൂടി പരിശീലനം നല്‍കുവാനുള്ള നടപടികള്‍ ആരംഭിക്കും.