ലോകത്തിലെ വമ്പന്‍ മൊബൈല്‍ നിര്‍മാണശാല ഇന്ത്യയില്‍

മുംബൈ: ലോകത്തിലെ ഏറ്റവും വലിയ മൊബൈല്‍ നിര്‍മാണ ശാല ഇന്ത്യയില്‍ ഒരുങ്ങുന്നു. ദക്ഷിണ കൊറിയ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ലോകോത്തര മൊബൈല്‍ ബ്രാന്‍ഡായ സാംസങ്ങാണ് മൊബൈല്‍ ഫോണ്‍ ചരിത്രം തന്നെ മാറ്റിക്കുറിക്കാന്‍ ഒരുങ്ങുന്നത്.

ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് പ്ലാന്റ് ആരംഭിക്കുന്നത്. ആദ്യ ഇന്ത്യാ സന്ദര്‍ശനത്തിനെത്തുന്ന ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ജെ ഇന്നിന്റേയും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും സാന്നിധ്യത്തില്‍ പ്ലാന്റ് ഉദ്ഘാടനം ചെയ്യും. നോയിഡയിലെ സെക്റ്റര്‍ 81 ല്‍ 35 ഏക്കറിലായിട്ടാണ് സാംസങ് ഇലക്ട്രോണിക്‌സിന്റെ നിര്‍മാണ ശാല ഒരുക്കുന്നത്.

കഴിഞ്ഞ വര്‍ഷം ജൂണിലാണ് നിലവിലെ നോയിഡ പ്ലാന്റ് നവീകരിക്കാന്‍ 4915 കോടി രൂപ ഇന്‍വെസ്റ്റ് ചെയ്യുമെന്ന് സാംസങ് പ്രഖ്യാപിച്ചത്. പ്രഖ്യാപിച്ച് ഒരു വര്‍ഷത്തിന് ശേഷം നോയിഡ പ്ലാന്റിന്റെ ഉത്പ്പാദനം ഇരട്ടിയായിട്ടാണ് വര്‍ധിച്ചിരിക്കുന്നത്. നിലവില്‍ സാംസങ് ഇന്ത്യയില്‍ 460 കോടിയില്‍ പരം സ്മാര്‍ട്ട്‌ഫോണുകളാണ് നിര്‍മിക്കുന്നത്. പുതിയ പ്ലാന്റ് പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ഇത് 824 കോടിയായി വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇതിലൂടെ പുതിയ ഫോണുകള്‍ പെട്ടെന്ന് മാര്‍ക്കറ്റിലേക്ക് എത്തിക്കാന്‍ സാംസങ്ങിന് സാധിക്കും. കൂടാതെ രാജ്യത്തിന് അകത്തുള്ള ചില ഫീച്ചറുകള്‍ കൊണ്ടുവരാനും സാര്‍ക് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനുള്ള അവസരവും സാംസങ്ങിന് ലഭിക്കും. ഇന്ത്യയില്‍ സാംസങ്ങിന് രണ്ട് നിര്‍മാണ യൂണിറ്റുകളാണുള്ളത്. തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരിലാണ്‌ മറ്റൊന്നുള്ളത്. നോയിഡയിലെ നിര്‍മാണ യൂണിറ്റില്‍ മാത്രം 70,000 പേര്‍ക്കാണ് കമ്പനി തൊഴില്‍ നല്കിയിരിക്കുന്നത്.

Top