മൊബൈല്‍ ഇന്റര്‍നെറ്റ് വേഗത; ഇന്ത്യ 121-ാം സ്ഥാനത്ത്

ക്ലയുടെ പുതിയ റിപ്പോര്‍ട്ട് പ്രകാരം മൊബൈല്‍ ഇന്റര്‍നെറ്റ് വേഗതയില്‍ ഇന്ത്യയുടെ സ്ഥാനം 121-ാമത്‌. നേരത്തെ ഇത് 109 ആയിരുന്നു. ഇന്ത്യയിലെ മൊബൈല്‍ ഇന്റര്‍നെറ്റ് വേഗം ഡൗണ്‍ലോഡ് 10.71 എംബിപിഎസും അപ്ലോഡ് 4.20 എംബിപിഎസുമാണ്. ഫിക്സഡ് ബ്രോഡ്ബാന്‍ഡ് വേഗത്തില്‍ ഇന്ത്യ 68-ാം സ്ഥാനത്താണ്. മൊബൈല്‍ ഇന്റര്‍നെറ്റ് വേഗതയില്‍ ഒന്നാം സ്ഥാനം നോര്‍വെയ്ക്കാണ്. നോര്‍വെയിലെ ഇന്റര്‍നെറ്റ് വേഗം സെക്കന്‍ഡില്‍ 65.41 എംബിപിഎസ് ആണ്.

2019 ഏപ്രില്‍ അവസാനത്തിലെ കണക്കുകള്‍ പ്രകാരം ലോകത്തെ ശരാശരി മൊബൈല്‍ നെറ്റ് വേഗം ഡൗണ്‍ലോഡ് 26.96 എംബിപിഎസും അപ്ലോഡ് 10.40 എംബിപിഎസുമാണ്. ഫിക്സഡ് ബ്രോഡ്ബാന്‍ഡ് വേഗം ഡൗണ്‍ലോഡ് 58.66 എംബിപിഎസും അപ്ലോഡ് 28.99 എംബിപിഎസുമാണ്.

മൊബൈല്‍ ഇന്റര്‍നെറ്റ് വേഗത്തില്‍ അഞ്ചാം സ്ഥാനം ഖത്തറിനാണ്. സെക്കന്‍ഡില്‍ 59.90 എംബിയാണ് ഖത്തറിലെ ശരാശരി ഡേറ്റ ഡൗണ്‍ലോഡിങ് വേഗം. 110-ാം സ്ഥാനമാണ് പാക്കിസ്ഥാന്. പാക്കിസ്ഥാനിലെ ശരാശരി ഇന്റര്‍നെറ്റ് വേഗം ഡൗണ്‍ലോഡ് 13.39 എംബിപിഎസും അപ്ലോഡ് 9.84 എംബിപിഎസുമാണ്.

ടെലികോം റെഗുലേറ്ററി അതോറിറ്റി ഒഫ് ഇന്ത്യയുടെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ ജിയോ നെറ്റ്വര്‍ക്ക് മാത്രമാണ് 20 എംബിപിഎസിനു മുകളില്‍ വേഗം നല്‍കുന്നത്. മറ്റു ടെലികോം കമ്പനികളെല്ലാം 10 എംബിപിഎസിന് താഴെയാണ് വേഗം നല്‍കുന്നത്.

Top