Mobile locks

ആന്‍ഡ്രോയ്ഡ് ഫോണുകളിലും ടാബ്‌ലെറ്റുകളിലും ഉപയോക്താക്കള്‍ സുരക്ഷയ്ക്കായി എറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് പാറ്റേണ്‍ ലോക്കുകളാണ്. ഏതാണ്ട് 40 ശതമാനം ഉപയോക്താക്കളും ഫോണ്‍ ലോക്ക് ചെയ്യാന്‍ പാറ്റേണ്‍ ലോക്കുകളാണ് ഉപയോഗിക്കുന്നത് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ പാറ്റേണ്‍ ലോക്കുകള്‍ അത്ര സുരക്ഷിതമല്ലെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്.

പാറ്റേണ്‍ മറ്റുള്ളവര്‍ക്ക് ഊഹിക്കാന്‍ ബുദ്ധിമുട്ടാകുമെന്നതുമാണ് പാറ്റേണ്‍ ലോക്കുകള്‍ ജനപ്രിയമാകാന്‍ കാരണം. എന്നാല്‍ വേഗത്തില്‍ തകര്‍ക്കാനാവില്ല എന്നുകരുതി സെറ്റ് ചെയ്യുന്ന പാറ്റേണുകള്‍ എളുപ്പത്തില്‍ തകര്‍ക്കാനാകുമെന്നാണ് ലങ്കാസ്റ്റര്‍ യൂണിവേഴ്‌സിറ്റി (യു.എസ്), യൂണിവേഴ്‌സിറ്റി ഓഫ് ബാത്ത് (യു.കെ), നോര്‍ത്ത്‌വെസ്റ്റ് യൂണിവേഴ്‌സിറ്റി (ചൈന) എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷണ ഫലങ്ങള്‍ പറയുന്നത്.വീഡിയോയും കമ്പ്യൂട്ടര്‍ ആല്‍ഗരിതവും ഉപയോഗിച്ച് അഞ്ച് ശ്രമത്തിനുള്ളില്‍ തന്നെ ഫോണിലെ പാറ്റേണ്‍ ലോക്കുകള്‍ അഴിക്കാനാകുമെന്നാണ് ഗവേഷകര്‍ പറയുന്നത്. ഗവേഷണത്തിനായി തിരഞ്ഞെടുത്ത 95 ശതമാനം ഫോണ്‍ ലോക്കുകളും ഇതിനു സാധിച്ചെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു.

ഇവയില്‍ തന്നെ ലളിതമായ ലോക്കുകളെ അപേക്ഷിച്ച് സങ്കീര്‍ണമായ ലോക്കുകള്‍ തുറക്കാനാണ് എളുപ്പമെന്നും ഗവേഷണ റിപ്പോര്‍ട്ട് പറയുന്നു. നിരവധി ഡോട്ടുകള്‍ ഉപയോഗിക്കുന്നതിനാല്‍ കൂടുതല്‍ പാറ്റേണുകള്‍ക്കുള്ള സാധ്യതകള്‍ കുറയുമെന്നതിനാലാണിത്.

ഗവേഷണത്തിനായി ഉപയോഗിച്ച ഗാഡ്ജറ്റുകളില്‍ സാധാരണയില്‍ കൂടുതല്‍ സങ്കീര്‍ണമായ പാറ്റേണുകളില്‍ 87.5 ശതമാനവും ആദ്യശ്രമത്തില്‍ തന്നെ തുറക്കാനായപ്പോള്‍ ലളിതമായ പാറ്റേണ്‍ ലോക്കുകളില്‍ 60 ശതമാനം മാത്രമാണ് ആദ്യ ശ്രമത്തില്‍ തുറന്നത്. ബാങ്കിങ് പോലുള്ള വിലപ്പെട്ട വിവരങ്ങളുള്ള ഫോണുകളുടെയും ടാബ്‌ലെറ്റുകളുടെയും സുരക്ഷയ്ക്കായി പാറ്റേണ്‍ ലോക്കുകള്‍ ഉപയോഗിക്കരുതെന്ന് ഗവേഷണത്തില്‍ പങ്കാളിയായ ഷെങ് വാങ് പറയുന്നു.

സ്‌ക്രീന്‍ ലോക്ക് ചെയ്യാനുള്ള ഉപാധികളില്‍ ഫെയ്‌സ് ലോക്ക് പോലുള്ള കുറഞ്ഞ സുരക്ഷാ സംവിധാനങ്ങളേക്കാള്‍ മെച്ചമാണ് പാറ്റേണ്‍ ലോക്കുകളെങ്കിലും പിന്‍ നമ്പറോ പാസ്‌വേഡോ ലോക്കായി ഉപയോഗിക്കുന്നതാണ് കൂടുതല്‍ സുരക്ഷിതമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Top