പരീക്ഷയെഴുതണമെങ്കില്‍ മൊബൈല്‍ ഫോണ്‍ കയ്യില്‍ വേണം; എംജിഎം കോളേജിന്റെ പുതിയ ആപ്പ്‌

‘മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത് മേശപ്പുറത്ത് വയ്ക്കുക’. പരീക്ഷക്കു മുന്‍മ്പുള്ള ഇത്തരം നിര്‍ദേശങ്ങള്‍ക്കു മാറ്റം വന്നിരിക്കുന്നു.

ഇനി മുതല്‍ പരീക്ഷാ സമയത്ത് മൊബൈല്‍ ഫോണ്‍ ഇല്ലാത്തവര്‍ പരീക്ഷ എഴുതണ്ട എന്നാണ് പുതിയ നിര്‍ദേശം.

നോയിഡയിലെ എംജിഎം കോളജ് വികസിപ്പിച്ച പുതിയ ആപ്പിന് അംഗീകാരം ലഭിച്ചാല്‍ എല്ലാവരും പരീക്ഷയ്ക്കു നിര്‍ബന്ധമായും മൊബൈല്‍ ഫോണുകള്‍ കൊണ്ടു വരേണ്ടി വരും.

പരീക്ഷയ്ക്കു ചോദ്യപേപ്പര്‍ അച്ചടിക്കുന്നതിനുള്ള ഭീമമായ ചെലവു കുറയ്ക്കുന്നതിന്റെ ഭാഗമായി പുതിയ ആപ്പ് വികസിപ്പിച്ചിരിക്കുകയാണ് എംജിഎം കോളേജ്.

പരീക്ഷയുടെ ചോദ്യപേപ്പര്‍ മൊബൈലിലൂടെ ലഭിക്കുന്ന തരത്തിലുള്ള കോളേജ് ഓണ്‍ലൈന്‍ ചോദ്യപേപ്പര്‍ വിതരണ ആപ്പാണ് വികസിപ്പിച്ചിരിക്കുന്നത്.

ഓരോ സര്‍വകലാശാലയും ദശലക്ഷക്കണക്കിനു രൂപയാണു ചോദ്യപേപ്പര്‍ അച്ചടിക്കുന്നതിന് ഓരോ വര്‍ഷവും ചെലവഴിക്കുന്നത്. പുതിയ ആപ്പ് ഇതിനു പരിഹാരമാകുമെന്നാണ് പ്രതീക്ഷ.

പരീക്ഷാ ഹാളിലെത്തുന്ന വിദ്യാര്‍ഥിയുടെ മൊബൈലിലേക്ക് ഒരു കോഡ് അയച്ചു നല്‍കും. ഈ കോഡ് ഉപയോഗിച്ചു വിദ്യാര്‍ഥിയുടെ മൊബൈല്‍ ഒരു കേന്ദ്ര സെര്‍വറിലേക്കു ബന്ധിപ്പിക്കപ്പെടുന്നു. ഈ സെര്‍വറിലൂടെ മൊബൈലിലെ ചോദ്യപേപ്പര്‍ ആപ്പ് ആക്ടിവേറ്റ് ചെയ്യപ്പെടും.

പിന്നീട് മൊബൈല്‍ സ്‌ക്രീനില്‍ ചോദ്യപേപ്പര്‍ മാത്രമാകും ലഭ്യമാകുക. കയ്യില്‍ മൊബൈല്‍ ഫോണ്‍ ഉണ്ടെന്നു കരുതി കോളിങ്ങോ, ചാറ്റിങ്ങോ ഇന്റര്‍നെറ്റ് സര്‍വീസോ, ഗൂഗിളിങ്ങോ ഫോണില്‍ നടത്താന്‍ സാധിക്കില്ല.

ചോദ്യപേപ്പര്‍ കാണുന്നത് ഒഴിച്ചുള്ള ഫോണിന്റെ മറ്റു ഫീച്ചറുകളെല്ലാം ബ്ലോക്ക് ചെയ്യുന്ന രീതിയിലാണ് ആപ്പ് വികസിപ്പിച്ചിരിക്കുന്നത്.

Top