റിസര്‍വ് ബാങ്കിന്റെ ലൈസന്‍സുള്ള സഹകരണ ബാങ്കുകള്‍ക്ക് മൊബൈല്‍ വാലറ്റ്

മുംബൈ: റിസര്‍വ് ബാങ്കിന്റെ ലൈസന്‍സുള്ള സഹകരണ ബാങ്കുകള്‍ക്ക് മൊബൈല്‍ വാലറ്റ് സൗകര്യം ആരംഭിക്കാവുന്ന മാനദണ്ഡങ്ങള്‍ പുറത്തിറക്കി റിസര്‍വ് ബാങ്ക്.

റിസര്‍വ് ബാങ്കിന്റെ ലൈസന്‍സോടെ പ്രവര്‍ത്തിക്കുന്ന ജില്ലാ സഹകരണ ബാങ്കുകള്‍ക്കും അര്‍ബന്‍ സഹകരണ ബാങ്കുകള്‍ക്കുമാണ് മൊബൈല്‍ വാലറ്റ് സംവിധാനം തുടങ്ങാനാവുക.

ഈ ബാങ്കുകളില്‍ ഇന്റേണല്‍ ഓഡിറ്റ് സംവിധാനം ശാഖകളിലും മുഖ്യ ഓഫീസിലും ഉണ്ടാവണമെന്നത് നിര്‍ബന്ധമാണ്.കോര്‍ ബാങ്കിംഗ് സംവിധാനവും ഉണ്ടാവണം. അറ്റ നിഷ്‌ക്രിയ ആസ്തി മൂന്നു ശതമാനത്തില്‍ താഴെയായിരിക്കണമെന്നും മുന്‍ സാമ്പത്തിക വര്‍ഷം ലാഭം നേടിയ ബാങ്കായിരിക്കണമെന്നും റിസര്‍വ് ബാങ്ക് നിഷ്‌കര്‍ഷിക്കുന്നു

എ.ടി.എമ്മുകള്‍ സ്ഥാപിക്കാനും ഡെബിറ്റ് കാര്‍ഡുകള്‍ നല്‍കാനും അനുമതിയുള്ള ബാങ്കുകള്‍ക്ക് മാത്രമാണ് മൊബൈല്‍ വാലറ്റുകളും ആരംഭിക്കാനാവുക.

വൈദ്യുതി ബില്‍, ഫോണ്‍ ബില്‍ തുടങ്ങി വിവിധ ബില്ലുകള്‍ അടയ്ക്കാനും ഫോണ്‍ റീ ചാര്‍ജ് ചെയ്യാനും ഓണ്‍ലൈനായി സാദനങ്ങള്‍ വാങ്ങാനും മറ്റുമായി ഒറ്റത്തവണ പരമാവധി 10,000 രൂപയുടെ വരെ ഇടപാടുകള്‍ നടത്താന്‍ ഉപഭോക്താക്കള്‍ക്ക് സൗകര്യം നല്‍കുന്ന സംവിധാനമാണിത്.

പണം കറന്‍സിയായി കൈവശം സൂക്ഷിക്കുന്നതിനു പകരം, മൊബൈല്‍ വാലറ്റില്‍ നിക്ഷേപിക്കുകയും തുടര്‍ന്ന് വിവിധ ആവശ്യങ്ങള്‍ക്കായി വിനിയോഗിക്കുകയും ചെയ്യാം.

പ്രമുഖ വാണിജ്യ ബാങ്കുകളായ എസ്.ബി.ഐക്ക് എസ്.ബി.ഐ ബഡ്ഡി, എച്ച്.ഡി.എഫ്.സിക്ക് പേസാപ്പ് എന്നിങ്ങനെ മൊബൈല്‍ വാലറ്റുകളുണ്ട്.

Top