ഡൽഹി: വിവിധ രാജ്യങ്ങളിൽ കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ രാജ്യത്തുടനീളമുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ മോക്ക് ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശം. ചൊവ്വാഴ്ചയാണ് മോക്ക് ഡ്രിൽ നടക്കുക. അന്ന് വൈകീട്ട് തന്നെ ഫലം അപ്ലോഡ് ചെയ്യണമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ സംസ്ഥാന ആരോഗ്യ സെക്രട്ടറിമാർക്ക് അയച്ച കത്തിൽ പറയുന്നു.
കോവിഡ് കേസുകൾ വർധിച്ചാൽ ആ സാഹചര്യത്തെ നേരിടുന്നതിന് എല്ലാ സംസ്ഥാനങ്ങളിലേയും ആരോഗ്യ കേന്ദ്രങ്ങളെ സജ്ജമാക്കുമാക്കുകയാണ് ലക്ഷ്യം. ജില്ല തിരിച്ചുള്ള മുഴുവൻ ആരോഗ്യ കേന്ദ്രങ്ങളിലേയും സൗകര്യങ്ങൾ ഇതിലൂടെ ഉറപ്പുവരുത്തും. ആരോഗ്യ വകുപ്പ് ജീവനക്കാർ കലക്ടർമാരുടെ മേൽനോട്ടത്തിലായിരിക്കണം മോക്ക് ഡ്രിൽ നടത്തേണ്ടെന്നും നിർദേശത്തിൽ പറയുന്നു.
ഓരോ സംസ്ഥാനങ്ങളിലുമുളള ഐസൊലേഷൻ വാർഡുകളുടെയും ഐസിയു, വെന്റിലേറ്റർ സൗകര്യങ്ങളുടെയും ലഭ്യത ഇതിലൂടെ പരിശോധിക്കും. കോവിഡ് സൗഹചര്യം നേരിടാൻ ആവശ്യമായ ഡോക്ടർമാരേയും നഴ്സുമാരേയും മറ്റ് ആരോഗ്യ ജീവനക്കാരേയും ഉറപ്പുവരുത്തുക, കോവിഡ് ടെസ്റ്റ് കേന്ദ്രങ്ങൾ, മരുന്നുകൾ, മാസ്ക്, പിപിഇ കിറ്റ്, മെഡിക്കൽ ഓക്സിജൻ എന്നിവയുടെ ലഭ്യത ഉറപ്പാക്കാനും മോക്ക് ഡ്രില്ലിലൂടെ ലക്ഷ്യമിടുന്നു.