മരടില്‍ ഫ്ളാറ്റ് പൊളിക്കുന്നതിന് മുമ്പ് മോക്ഡ്രില്‍; 200 മീറ്റര്‍ ചുറ്റളവില്‍ നിരോധനാജ്ഞ

കൊച്ചി: മരടില്‍ ഫ്ളാറ്റുകള്‍ പൊളിക്കുന്നതിന് മുമ്പ് തലേദിവസം മോക്ഡ്രില്‍ നടത്താന്‍ തീരുമാനം.ജനുവരി പത്തിനാണ് മോക്ഡ്രില്‍ നടത്തുക. ഫ്ളാറ്റ് പൊളിക്കുന്ന ദിവസങ്ങളില്‍ സ്വീകരിക്കേണ്ട സുരക്ഷാമാനദണ്ഡങ്ങളെ കുറിച്ച് അന്തിമ തീരുമാനത്തിലെത്തുന്നതിന് വേണ്ടി ജില്ലാ കളക്ടര്‍ എസ്.സുഹാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റേതാണ് തീരുമാനം.

ഫ്ളാറ്റ് പൊളിക്കുന്ന ദിവസങ്ങളില്‍ 200 മീറ്റര്‍ ചുറ്റളവില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കാനും യോഗം തീരുമാനിച്ചു. ഫ്ളാറ്റുകള്‍ പൊളിക്കുന്നതിന്റെ 200 മീറ്റര്‍ ചുറ്റളവില്‍ നിന്ന് താമസക്കാരെ ഒഴിപ്പിക്കും. 2000 ആളുകളെ ഇപ്രകാരം ഒഴിപ്പിക്കേണ്ടി വരും.കിടപ്പുരോഗികളെ മാറ്റുന്നതിന് വേണ്ടി മെഡിക്കല്‍ സംഘത്തിന്റെ സഹായം സ്വീകരിക്കും. പ്രദേശത്ത് ആവശ്യമായ വൈദ്യസഹായം ഉറപ്പുവരുത്താനും നിര്‍ദേശമുണ്ട്.

ഫ്ളാറ്റുകള്‍ പൊളിക്കുന്നതിന് അരമണിക്കൂര്‍ മുമ്പ് വാഹനഗതാഗതം നിയന്ത്രിക്കും. ഫ്ളാറ്റുകള്‍ പൊളിക്കുന്ന സമയത്ത് ദേശീയപാതയിലും ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും.പൊളിക്കുന്നത് കാണാന്‍ എത്തുന്നവര്‍ക്ക് പ്രത്യേക സ്ഥലങ്ങള്‍ അനുവദിക്കാനും യോഗം തീരുമാനിച്ചു.

Top