കൊച്ചി: മുന്‍ മിസ് കേരളയുള്‍പ്പടെ അപകടത്തില്‍ കൊല്ലപ്പെട്ട കേസില്‍ ഡിജെ പാര്‍ട്ടിനടന്ന നമ്പര്‍ 18 ഹോട്ടലിലെ ഹാര്‍ഡ് ഡിസ്‌ക് കണ്ടെടുക്കാന്‍ കായലില്‍ പരിശോധന നടത്താന്‍ പൊലീസ് നീക്കം. ഹോട്ടലുടമ റോയിയുടെ നിര്‍ദേശപ്രകാരം ഹാര്‍ഡ് ഡിസ്‌ക് കായലിലെറിഞ്ഞുവെന്നാണ് ജീവനക്കാരുടെ മൊഴി. ഹാര്‍ഡ് ഡിസ്‌ക് കണ്ടെടുക്കാനുള്ള അവസാന ശ്രമമെന്ന നിലയിലാണ് കായലില്‍ തിരച്ചില്‍ നടത്താനുള്ള പൊലീസ് നീക്കം.
ഒന്ന്, രണ്ട് നിലകളിലെ മുറികളിലേക്കുള്ള ഇടനാഴികളുടെയും പാര്‍ക്കിങ്ങിലെയും ഡിജെ പാര്‍ട്ടി നടന്ന ഹാളിലെയും ദൃശ്യങ്ങളാണ് ഈ ഹാര്‍ഡ് ഡിസ്‌കിലുള്ളത്. ഹോട്ടലുടമ റോയ് പറഞ്ഞതനുസരിച്ച് ഹോട്ടലിലെ ജീവനക്കാരനായ അനില്‍ സിസിടിവി സര്‍വീസ് നടത്തുന്ന മെല്‍വിന്‍ എന്നയാളോട് ഹാര്‍ഡ് ഡിസ്‌ക് അഴിക്കുന്നതെങ്ങനെയെന്ന് ചോദിച്ചു. വാട്‌സാപ്പില്‍ ഹാര്‍ഡ് ഡിസ്‌കിന്റെ ചിത്രങ്ങളയച്ചു നല്‍കി. ഇതു നോക്കി ഹോട്ടലിലെ മറ്റൊരു ജീവനക്കാരനായ ലിന്‍സന്‍ ഹാര്‍ഡ് അഴിച്ചെടുത്ത് മറ്റൊന്ന് ഘടിപ്പിച്ചു.
അഴിച്ചെടുത്ത ഹാര്‍ഡ് ഡിസ്‌ക് മെല്‍വിനു കൈമാറി. മെല്‍വിനും മറ്റൊരു പ്രതിയായ വിഷ്ണുകുമാറും ചേര്‍ന്ന് ഈ ഹാര്‍ഡ് ഡിസ്‌ക് റോയിയുടെ വീടിനു സമീപത്ത് കണ്ണങ്കാട്ട് പാലത്തില്‍നിന്ന് കായലില്‍ എറിഞ്ഞുവെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്. അപകടവുമായി നേരിട്ട് ബന്ധപ്പിക്കാവുന്ന തെളിവു ലഭിച്ചിട്ടില്ലെങ്കിലും ഹാര്‍ഡ് ഡിസ്‌ക് നശിപ്പിച്ചതെന്തിന് എന്നത് ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിക്കുന്നു. ഇതു തിരിച്ചെടുത്താല്‍ മാത്രമേ കേസിലെ ദുരൂഹത നീക്കാനും കഴിയൂ.
അതേസമയം, ഡിജെ പാര്‍ട്ടിയില്‍ വിഐപികളോ, സിനിമാതാരങ്ങളോ, രാഷ്ട്രീയക്കാരോ ഉണ്ടായിരുന്നില്ലെന്ന് പൊലീസ് അറിയിച്ചു. ഇതുവരെ ശേഖരിച്ച മറ്റ് ഹാര്‍ഡ് ഡിസ്‌കുകളില്‍ ഇത്തരത്തിലുള്ളവരുടെ ദൃശ്യങ്ങളില്ലെന്നാണ് പൊലീസ് പറയുന്നത്.