മോഡലുകളുടെ അപകട മരണം; ഹോട്ടല്‍ ഉടമ റോയ് ഉള്‍പ്പെടെ ആറു പേര്‍ക്കും ജാമ്യം

കൊച്ചി: വാഹനാപകടത്തില്‍ മോഡലുകള്‍ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഫോര്‍ട്ട് കൊച്ചിയിലെ ഹോട്ടല്‍ ഉടമ ഉള്‍പ്പെടെയുള്ളവര്‍ക്ക് ജാമ്യം. ഹോട്ടല്‍ ഉടമ റോയ് ജോസഫ് വയലാട്ട് ജീവനക്കാരായ മറ്റ് അഞ്ച് പേര്‍ക്കുമാണ് ജാമ്യം ലഭിച്ചത്. എറണാകുളം ജില്ലാ വിട്ടുപോകരുതെന്നും പാസ്‌പോര്‍ട്ട് കോടതിയില്‍ നല്‍കണമെന്ന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.

കൊച്ചിയില്‍ മുന്‍ മിസ് കേരളയും റണറപ്പും വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ സംശയാസ്പദമായ ചിലതുണ്ടെന്നായിരുന്നു പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുകൊണ്ട് പൊലീസ് കോടതിയില്‍ അറിയിച്ചത്. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഫോര്‍ട്ട് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടല്‍ ഉടമയുള്‍പ്പെടെയുള്ള പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് നല്‍കിയ അപേക്ഷയിലാണ് പൊലീസ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്‌ക് കായലിലേക്ക് വലിച്ചെറിഞ്ഞുവെന്ന് തെളിഞ്ഞതായും പൊലീസ് കോടതിയില്‍ വ്യക്തമാക്കുന്നു.

സമയപരിധി കഴിഞ്ഞും ഹോട്ടലില്‍ മദ്യം വിളമ്പിയതായും കേസുമായി ബന്ധപ്പെട്ട് സംശയാസ്പദമായ ചിലതുണ്ട്. അത് പുറത്തുവരണമെന്നും പ്രോസിക്യൂഷന്‍ കസ്റ്റഡി അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പ്രതികളെ മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്നാണ് പോലിസിന്റെ ആവശ്യം.

അതേസമയം, കേസ് പൊലീസ് തിരക്കഥയെന്നാണ് പ്രതിഭാഗം സ്വീകരിച്ച നിലപാട്. ജാമ്യം തേടി സമര്‍പ്പിച്ച അപേക്ഷയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കാറോടിച്ച അബ്ദുള്‍ റഹ്മാനെ സഹായിക്കാനാണ് കേസെടുത്തതെന്ന് ആരോപിച്ച പ്രതിഭാഗം അപകടത്തിന് ജീവനക്കാര്‍ കാരണക്കാരല്ലെന്നും ചൂണ്ടിക്കാട്ടുന്നു. ഒന്നാം പ്രതി അബ്ദുള്‍ റഹ്മാന്‍ അമിതമായി മദ്യപിച്ചതാണ് അപകട കാരണമെന്ന് പൊലീസ് തന്നെ പറയുന്നു. ഈ സാഹചര്യത്തില്‍ എങ്ങനെയാണ് മറ്റ് പ്രതികള്‍ കുറ്റക്കാരാകുന്നത് എന്നും പിന്നെന്തിന് ഇവര്‍ക്കെതിരെ നരഹത്യ കുറ്റം ചുമത്തിയെന്നും പ്രതിഭാഗത്തിന്റെ വാദം.

Top