കേന്ദ്രമന്ത്രിമാരുടെ പട്ടികയായി; ആകാംക്ഷയോടെ ഇന്ത്യ, നാളെ സത്യപ്രതിജ്ഞ

ന്യൂഡല്‍ഹി: രണ്ടാം ഊഴം നേടി ഇന്ത്യയുടെ കാവല്‍ക്കാരാകാനൊരുങ്ങുന്ന നരേന്ദ്രമോദി മന്ത്രിസഭയിലെ മന്ത്രിമാരുടെ പട്ടികയായി. പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത്ഷായും തമ്മില്‍ നടത്തിയ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് മന്ത്രിമാരുടെ പട്ടികയില്‍ ധാരണയായത്.

അമിത് ഷാ സംഘടനാതലത്തില്‍ നിന്ന് മന്ത്രിസഭയിലേക്ക് വരുമോ എന്ന കാര്യം ഇപ്പോഴും വ്യക്തമല്ല. പ്രകാശ് ജാവദേക്കര്‍, അര്‍ജുന്‍ റാം മേഘ്വാള്‍, നിര്‍മ്മല സീതാരാമന്‍, രവിശങ്കര്‍ പ്രസാദ് ധര്‍മ്മേന്ദ്ര പ്രധാന്‍ എന്നിവര്‍ മന്ത്രിമാരായി തുടരും. അപ്നാദള്‍ നേതാവ് അനുപ്രിയപട്ടേലും മന്ത്രിസഭയില്‍ തുടരും എന്നാണ് വിവരം

രാജ്യത്തിന്റെ സുരക്ഷാ ഉപദേഷ്ടാവായി അജിത് ദോവല്‍ തുടരും. ദേശീയ സുരക്ഷാ സെക്രട്ടേറിയറ്റില്‍ ഇനി ഏതൊക്കെ ഉന്നത ഉദ്യോഗസ്ഥര്‍ ഉണ്ടാകുമെന്നതില്‍ ദോവലുമായി കൂടിയാലോചിച്ചാകും അന്തിമമായി തീരുമാനമെടുക്കുക.

അമേഠിയില്‍ രാഹുല്‍ ഗാന്ധിയെ പരാജയപ്പെടുത്തിയ സ്മൃതി ഇറാനിക്കും മന്ത്രിസഭയില്‍ പ്രാതിനിധ്യമുണ്ടാകും. മന്ത്രിസഭയില്‍ മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം പുതുമുഖങ്ങള്‍ക്കും പ്രാധാന്യം ലഭിച്ചിട്ടുണ്ട്. മന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ രാവിലെ കൂടിക്കാഴ്ച നടത്തും.

അതേസമയം അനാരോഗ്യം കാരണം മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തേണ്ടതില്ല എന്നറിയിച്ച മുന്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശിക്കും. മന്ത്രിസഭയില്‍ അംഗമാകണമെന്ന് അഭ്യര്‍ത്ഥിക്കും, വകുപ്പില്ലാമന്ത്രിയായി മന്ത്രിസഭയില്‍ തുടരണമെന്ന് ആവശ്യപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കേരളത്തില്‍ നിന്ന് കുമ്മനം രാജശേഖരന്‍, വി മുരളീധരന്‍, അല്‍ഫോണ്‍സ് കണ്ണന്താനം എന്നിവരുടെ പേരുകളാണ് ചര്‍ച്ചയിലുള്ളത്. കുമ്മനവും കണ്ണന്താനവും കേരളത്തില്‍ നിന്ന് മത്സരിച്ചിരുന്നെങ്കിലും മൂന്നാം സ്ഥാനത്തായിരുന്നു. കേരളത്തെ അറിഞ്ഞ് പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്നാണ് ബിജെപി സംസ്ഥാനപ്രസിഡന്റ് പി എസ് ശ്രീധരന്‍ പിള്ള പറഞ്ഞത്.

നാളെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍. 1500 ഓളം അതിഥികളും ബിംസ്‌ടെക് രാജ്യത്തലവന്‍മാരും പങ്കെടുക്കുന്ന വിപുലമായ ചടങ്ങില്‍ പുതിയ മന്ത്രിസഭയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.

Top