ന്യൂഡല്‍ഹി: ഭരണത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശയാത്രകള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നുവെന്ന് റിപ്പോര്‍ട്ട്. വരും വര്‍ഷത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഭരണ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കാനും, വിമര്‍ശകരുടെ വായടപ്പിക്കാനുമാണ് മോദിയുടെ പുതിയ നീക്കം എന്നാണ് റിപ്പോര്‍ട്ടുകള്‍.
രാജസ്ഥാന്‍, മധ്യപ്രദേശ്, ചത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ തോല്‍വിയുടെ പശ്ചാത്തലത്തില്‍ പ്രചാരണ പരിപാടികളില്‍ കൂടുതല്‍ ശ്രദ്ധചെലുത്തുന്നതിനുവേണ്ടിയാണ് വിദേശ യാത്രകള്‍ മാറ്റി വയ്ക്കുന്നത്. വരും മാസങ്ങളില്‍ പ്രധാനമന്ത്രി പങ്കെടുക്കേണ്ട സുപ്രധാന അന്താരാഷ്ട്ര പരിപാടികളൊന്നും ഇല്ലെന്നതും മറ്റൊരു കാരണമാണ്. അധികാരത്തിലെത്തിയ ശേഷം പ്രധാനമന്ത്രി നടത്തിയ വിദേശയാത്രകളുടെ പേരില്‍ പ്രതിപക്ഷം ഒട്ടേറെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു.