ന്യൂഡല്‍ഹി: മാധ്യമ സ്വാതന്ത്ര്യത്തെ പിന്തുണച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മാധ്യമങ്ങളുടെ സ്വാതന്ത്ര്യത്തില്‍ സര്‍ക്കാര്‍ ഒരിക്കലും കൈ കടത്തില്ലെന്നും എന്നാല്‍, മാധ്യമങ്ങള്‍ സ്വയം നിയന്ത്രണം പാലിക്കമെന്നും മോദി പറഞ്ഞു.
അഭിപ്രായം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്. എന്നാല്‍, എല്ലാത്തിനും ഒരു പരിധിയുണ്ട്. ആരും ആ പരിധി വിടാന്‍ പാടില്ല. അമിതമായി ഭക്ഷണം കഴിക്കരുതെന്ന് അമ്മ കുട്ടികളോട് പറയുന്നത് പോലെയാണിത്.
നിയന്ത്രണമില്ലാത്ത എഴുത്ത് കൊണ്ട് വലിയ പ്രതിസന്ധികള്‍ ഉണ്ടാവാമെന്ന് രാഷ്ട്രപിതാവ് മഹാത്മാഗാന്ധി പറഞ്ഞിട്ടുണ്ട്. ഇക്കാര്യം മാധ്യമങ്ങള്‍ മറക്കരുതെന്നും മോദി പറഞ്ഞു.
മാധ്യമ പ്രവര്‍ത്തനത്തിലെ ബാഹ്യ ഇടപെടല്‍ സമൂഹത്തിന് നല്ലതല്ലെന്നും ദേശീയ പത്രദിനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
മാധ്യമ സ്വാതന്ത്ര്യത്തില്‍ ഇടപെടാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍, കാലത്തിന് അനുസരിച്ച് മാധ്യമങ്ങള്‍ ഉത്തരവാദിത്തല്‍ മാറ്റം വരുത്തേണ്ടതുണ്ടെന്നും മോദി പറഞ്ഞു.