ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ ജയസാധ്യത ബി.ജെ.പിക്കെന്ന് മുന്‍ ആം ആദ്മി നേതാവും തിരഞ്ഞെടുപ്പ് നിരീക്ഷകനുമായ യോഗേന്ദ്ര യാദവ്. സഖ്യകക്ഷികള്‍ കേവല ഭൂരിപക്ഷം നേടി എന്‍.ഡി.എ നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ അധികാരത്തില്‍ വരാനാണ് ഏറ്റവും സാധ്യതയെന്നാണ് യോഗേന്ദ്ര യാദവിന്റെ തിരഞ്ഞെടുപ്പ് സര്‍വേയില്‍ പറയുന്നത്. അവസാനഘട്ട വോട്ടെടുപ്പിനും എക്സിറ്റ് പോളിനും മുൻപാണ് യാദവിന്‍റെ പ്രവചനം. ‘ദി പ്രിന്റി’ലൂടെയാണ് ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കുന്നത്.
272 സീറ്റുകള്‍ നേടി ബി.ജെ.പി. ഒറ്റയ്ക്ക് അധികാരത്തില്‍ വരാനുള്ള സാധ്യതയും ഒട്ടും തള്ളിക്കളയാനാവില്ലെന്നുമാണ് യോഗേന്ദ്ര യാദവിന്റെ വാദം. നരേന്ദ്ര മോദി തന്നെ വീണ്ടും പ്രധാനമന്ത്രി പദത്തിലേക്ക് എത്തുമെന്നും പ്രവചനത്തില്‍ പറയുന്നുണ്ട്.
കേവലഭൂരിപക്ഷം കൈവരിക്കാന്‍ കഴിയാത്ത സഖ്യകക്ഷികളുമായി ചേര്‍ന്ന് അതേ അവസ്ഥയില്‍ നില്‍ക്കുന്ന ബി.ജെ.പി. സഖ്യം ചേരാനും അതുവഴി അധികാരത്തില്‍ വരാനുമുള്ള സാധ്യതയാണ് രണ്ടാമത്. 2014ലേത് പോലെ കേവല ഭൂരിപക്ഷം നേടിയ ബി.ജെ.പി. ഒറ്റയ്ക്ക് അധികാരത്തില്‍ വരുന്നതാണ് മൂന്നാമത്തെ സാധ്യത.
ബി.ജെ.പി.ക്ക് കേവല ഭൂരിപക്ഷം നഷ്ടപ്പെട്ട് ബി.ജെ.പിയിലെ മറ്റൊരാള്‍ പ്രധാനമന്ത്രി ആകാനുള്ള സാധ്യത വളരെകുറവാണെന്നും ്അദ്ദേഹം അവകാശപ്പെടുന്നു. എന്നാല്‍ കോണ്‍ഗ്രസിനോടൊപ്പം മറ്റ് കക്ഷികള്‍ ചേര്‍ന്ന് മഹാസഖ്യം രൂപീകരിച്ച് ഒരു സര്‍ക്കാര്‍ അധികാരത്തില്‍ വരാന്‍ തീരെ സാധ്യതയില്ലെന്നും അദ്ദേഹം പറയുന്നു. ഉത്തര്‍ പ്രദേശിലും, ഇന്ത്യയുടെ കിഴക്കുള്ള സംസ്ഥാനങ്ങളിലും(വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍, ബംഗാള്‍, ഒഡിഷ) ബി.ജെ.പി. വിജയം നേടുമെന്നും അങ്ങനെ ബി.ജെ.പി. കേവല ഭൂരിപക്ഷം നേടുമെന്നും യാദവ് ചൂണ്ടിക്കാട്ടുന്നു.