ഭീകരവാദത്തിനെതിരേ രാജ്യങ്ങൾക്കിടയിൽ വളർന്നുവരുന്ന സഹകരണത്തെ പ്രശംസിച്ച് മോദിയും മാക്രോണും

ന്യൂഡല്‍ഹി: ഭീകരവാദത്തിനെതിരേയുള്ള പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യ – ഫ്രാന്‍സ് രാജ്യങ്ങള്‍ക്കിടയില്‍ വളര്‍ന്നുവരുന്ന സഹകരണത്തെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും. ഇരുരാജ്യങ്ങള്‍ക്കും ഇടയില്‍ വളര്‍ന്നുവരുന്ന ഭീകരവാദവിരുദ്ധ പ്രവര്‍ത്തനങ്ങളേയും രഹസ്യാന്വേഷണ സഹകരണത്തേയും അഭിനന്ദിക്കുന്നുവെന്ന് ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.

ഒക്ടോബര്‍ 7-ന് ഇസ്രായേലില്‍ നടന്ന ആക്രമണത്തെ ഇരുനേതാക്കളും അപലപിച്ചു. ഇസ്രയേല്‍ ജനതയ്ക്ക് ഇരുരാജ്യങ്ങളും പിന്തുണയും അറിയിക്കുകയും ചെയ്തു. വെടിനിര്‍ത്തല്‍ ഉള്‍പ്പെടെയുള്ള മാനുഷിക പരിഗണന ആവശ്യമെന്ന് ഇരുരാജ്യങ്ങളും തമ്മില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. ബന്ദികളാക്കിയിരിക്കുന്നവരെ എത്രയും പെട്ടെന്ന് വിട്ടയക്കണമെന്നും ആവശ്യപ്പെട്ടു. ഇതിനൊരു അറുതിവേണമെന്നും ഇസ്രയേല്‍ – പലസ്തീന്‍ ജനതയ്ക്ക് സമാധാനം വേണമെന്നും ഇരുവരും പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.രാജ്യാതിര്‍ത്തികളിലെ ഭീകരവാദത്തെ അടക്കം ഇരു നേതാക്കളും അപലപിച്ചു. ആഗോളഭീകരതയ്‌ക്കെതിരേ ഒന്നിച്ച് പോരാടണമെന്നും ഇരുനേതാക്കളും ആഹ്വാനം ചെയ്തു. ഭീകരവാദ പ്രവര്‍ത്തനങ്ങളെ സാമ്പത്തികമായും ആസൂത്രണപരമായും പിന്തുണക്കുന്നവര്‍ക്കും ഭീകരവാദപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ഒരു രാജ്യവും സുരക്ഷിത താവളമൊരുക്കരുതെന്നും കൂട്ടിച്ചേര്‍ത്തു.

ഭീകരവാദത്തിനെതിരേ ഏജന്‍സി തലത്തില്‍ ഒന്നിച്ചു പ്രവര്‍ത്തിക്കുന്നതിനേയും ഇന്ത്യയുടെ ദേശീയ സുരക്ഷാ ഗാര്‍ഡും ഫ്രാന്‍സിന്റെ ജി.ഐ.ജിയും തമ്മിലുള്ള സഹകരണം നിയമാനുസൃതമാക്കുന്നതിനേയും ഇരുരാജ്യങ്ങളും സ്വഗതം ചെയ്തു. ഇമ്മാനുവല്‍ മാക്രോണിന്റെ ഇന്ത്യാ സന്ദര്‍ശനത്തെത്തുടര്‍ന്നായിരുന്നു സംയുക്ത പ്രസ്താവന.

Top