ന്യൂഡല്‍ഹി: ടൈം മാസിക പുറത്തിറക്കിയ ഏറ്റവും സ്വാധീനമുള്ള 100 ലോക വ്യക്തിത്വങ്ങളുടെ പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ഇടം നേടി. സെറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ സി.ഇ. ഒ ആദാര്‍ പൂനവാലെയും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.
അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, വൈസ് പ്രസിഡന്റ് കമല ഹാരിസ്, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ്, ഹാരി രാജകുമാരന്‍, മേഗന്‍ രാജകുമാരി, മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എന്നിവരും പട്ടികയിലുണ്ട്.
സ്വതന്ത്ര രാഷ്ട്രമെന്ന നിലയില്‍ 74 വര്‍ഷത്തിനിടയില്‍ ഇന്ത്യയ്ക്ക് മൂന്ന് പ്രധാന നേതാക്കള്‍ ഉണ്ടായിരുന്നു. ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ദിരാ ഗാന്ധി, നരേന്ദ്രമോദി. ഇവര്‍ക്ക് ശേഷം ഇന്ത്യന്‍ രാഷ്ട്രീയത്തെ ഇത്രേയറെ സ്വാധീനിച്ച നേതാവ് വേറെയില്ലെന്ന് ടൈം പറയുന്നു.
താലിബാന്‍ സഹസ്ഥാപകന്‍ മുല്ല അബ്ദുല്‍ ഗനി ബരാദറും പട്ടികയില്‍ ഉണ്ട്. ടെന്നീസ് താരം നവോമി ഒസാക്ക, റഷ്യന്‍ രാഷ്ട്രീയപ്രവര്‍ത്തക അലക്‌സി നവാല്‍നി, സംഗീത ഐക്കണ്‍ ബ്രിട്‌നി സ്പിയേഴ്‌സ്, ഏഷ്യന്‍ പസഫിക് പോളിസി ആന്‍ഡ് പ്ലാനിംഗ് കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മഞ്ജുഷ പി..കുല്‍ക്കര്‍ണി, ആപ്പിള്‍ സി.ഇ.ഒ ടിം കുക്ക്, നടി കേറ്റ് വിന്‍സ്‌ലെറ്റ് എന്നിവരും ഉള്‍പ്പെട്ടിട്ടുണ്ട്.