‘മോദി ആരതി’ക്ക് പിന്നാലെ മോദിക്കായി ക്ഷേത്രവും; ലോക്ക്ഡൗണിന് ശേഷം നിര്‍മാണം തുടങ്ങും

ഡെറാഡൂണ്‍: ‘മോദി ആരതി’ പുറത്തിറക്കിയതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് വേണ്ടി ക്ഷേത്രം പണിയുമെന്ന് ഉത്തരാഖണ്ഡ് ബിജെപി എംഎല്‍എ ഗണേഷ് ജോഷി. ലോക്ക്ഡൗണിന് ശേഷം ‘മോദി ക്ഷേത്ര’ത്തിന്റെ നിര്‍മ്മാണം തുടങ്ങുമെന്നും എംഎല്‍എ പറഞ്ഞു. മോദി ദേശീയ നേതാവല്ല, ലോകനേതാവാണ്. അദ്ദേഹത്തിന് വേണ്ടി പ്രാര്‍ത്ഥന പുറത്തിറക്കുന്നതില്‍ അപാകതയില്ല. ഇനി ക്ഷേത്രവും പണിയുമെന്ന് ഗണേഷ് ജോഷി പറഞ്ഞതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

തന്റെ വീട്ടില്‍ ദൈവങ്ങളുടെ ചിത്രത്തിന് സമീപം മോദിയുടെ ചിത്രമുണ്ടെന്നും ഗണേഷ് കൂട്ടിച്ചേര്‍ത്തു. 1999 മുതല്‍ താന്‍ മോദിയുടെ ആരാധകനാണെന്നും തനിക്ക് മോദിയോട് സമാനതകളില്ലാത്ത ഭക്തിയുണ്ടെന്നും ഗണേഷ് ജോഷി പറഞ്ഞു. മുസ്സൂരി നിയോജക മണ്ഡലത്തിലെ നിയമസഭാംഗമാണ് ഇദ്ദേഹം. വെള്ളിയാഴ്ചയാണ് ജോഷി ‘മോദി ആരതി’ പുറത്തിറക്കിയതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Top