ന്യൂഡൽഹി: കർഷകക്ഷേമത്തിനായി ആറു വർഷത്തിനുള്ളിൽ പല നടപടികളും സ്വീകരിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോഡി. കർഷകർക്ക് ലാഭം ഉറപ്പാക്കാൻ ആയിരം മണ്ഡികളെ ഇ–വിപണിയുമായി ബന്ധിപ്പിച്ചു. കോവിഡ് കാലത്തും കാർഷികമേഖല വളർന്നു.
ചൗരിചൗര സംഭവത്തിന്റെ ശതാബ്ദിയാഘോഷം ഉത്തർപ്രദേശിലെ ഗൊരഖ്‌പുരിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. പൊലീസ്‌സ്‌റ്റേഷൻ തീവയ്‌പ് എന്ന നിലയിൽ ചൗരിചൗര സംഭവത്തെ ചുരുക്കികാണരുതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
പൊലീസ്‌സ്‌റ്റേഷനിൽ മാത്രമല്ല, ജനങ്ങളുടെ ഹൃദയത്തിലും തീ ആളിപ്പടർന്നു. അന്നത്തെ സംഭവങ്ങൾ ഇന്നും പ്രചോദനം പകരുന്നു. എല്ലാറ്റിനും ഉപരിയായി ദേശീയഐക്യം ഉയർത്തിപ്പിടിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.