രാജസ്ഥാൻ, മധ്യപ്രദേശ്, ചത്തിസ്ഗഢ്, തെലങ്കാന എന്നീ നാലു സംസ്ഥാനങ്ങളിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ആകാംക്ഷയോടെ വീക്ഷിച്ച് ലോക രാഷ്ട്രങ്ങൾ.
പ്രധാനമായും പാക്കിസ്ഥാൻ, ചൈന, അമേരിക്ക, ബ്രിട്ടൻ, ഇസ്രയേൽ, റഷ്യ, ഫ്രാൻസ്, ഇറാൻ, ജപ്പാൻ തുടങ്ങി ഗൾഫ് രാജ്യങ്ങളും അതിർത്തി രാജ്യങ്ങളും വരെ എല്ലാ കണ്ണുകളും ഇപ്പോൾ ഇന്ത്യയിലേക്കാണ്.
ഡിസംബർ 11-ാം തിയ്യതി വരുന്ന തിരഞ്ഞെടുപ്പ് ഫലം അടുത്ത് തന്നെ നടക്കാനിരിക്കുന്ന ലോകസഭ തിരഞ്ഞെടുപ്പിനെയും സ്വാധീനിക്കും എന്നതിനാലാണ് ഈ ജാഗ്രത.
ഇന്ത്യയിൽ വീണ്ടും നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വരും എന്നതാണ് നിലവിൽ ലോക രാഷ്ട്രങ്ങൾ പൊതുവിൽ വിലയിരുത്തിയിരുന്നത്. എന്നാൽ ഇപ്പോൾ ബി.ജെ.പി ഭരിക്കുന്ന മൂന്നു സംസ്ഥാനങ്ങൾ ഉൾപ്പെടെ 4 സംസ്ഥാനങ്ങളിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ കേന്ദ്ര ഭരണകക്ഷി കടുത്ത മത്സരമാണ് നേരിടുന്നത്. അഭിപ്രായ സർവേകളിൽ ഭരിക്കുന്ന മൂന്ന് സംസ്ഥാനങ്ങളിലും ബി.ജെ.പി തോൽക്കുമെന്ന റിപ്പോർട്ടുകളാണ് പുറത്തു വന്നിരുന്നത്. അഭിപ്രായ സർവേകളെ ലോക രാജ്യങ്ങൾ ഗൗരവമായാണ് വീക്ഷിക്കുന്നത്.
ലോകത്ത് എവിടെയും ഒരു ഇല അനങ്ങിയാൽ അറിയുന്ന രഹസ്യാന്വേഷണ വിഭാഗങ്ങൾ ഉണ്ടെന്ന് പറയപ്പെട്ടുന്ന രാജ്യങ്ങൾ ഉൾപ്പെടെ തങ്ങളുടെ സംവിധാനം ഉപയോഗപ്പെടുത്തിയും വിവരങ്ങൾ ശേഖരിച്ച് വരുന്നുണ്ട്.
ഇന്ത്യയിൽ നരേന്ദ്ര മോദിയുടെ തുടർ ഭരണം ആഗ്രഹിക്കുന്നവരാണ് ലോക രാഷ്ട്രങ്ങളിൽ ബഹുഭൂരിപക്ഷവും. മോദി സർക്കാറിന്റെ വിദേശ നയം ഇന്ത്യയെ മറ്റൊരു കാലത്തും ഇല്ലാത്ത തരത്തിലുള്ള മുന്നേറ്റത്തിൽ എത്തിച്ചതായാണ് ലോക രാഷ്ട്രങ്ങളുടെ വിലയിരുത്തൽ.
നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി പരാജയപ്പെട്ടാൽ അത് ലോകസഭ തിരഞ്ഞെടുപ്പിലും പ്രതിഫലിച്ച് മോദിക്ക് പുറത്തു പോകേണ്ടി വരുമെന്ന യാഥാർത്ഥ്യം ലോക നേതാക്കളും ഉൾക്കൊള്ളുന്നുണ്ട്.
ബി.ജെ.പിക്ക് പകരം വേറെ ഏത് പാർട്ടി അധികാരത്തിൽ വന്നാലും വിദേശ നയത്തിൽ പ്രകടമായ മാറ്റം ഉണ്ടാകുമെന്ന ആശങ്ക അമേരിക്കക്കും ഫ്രാൻസിനും ഉൾപ്പെടെ ഉണ്ട്. റാഫേൽ ഇടപാടുമായി ബന്ധപ്പെട്ട വിവാദം പുകഞ്ഞ് കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ ഫ്രഞ്ച് ഭരണകൂടം വലിയ ആശങ്കയിൽ തന്നെയാണ്.
ഇന്ത്യയുടെ എക്കാലത്തെയും അടുത്ത സുഹൃത്തായ പ്രാൻസുമായുള്ള ബന്ധം ഭരണമാറ്റം ഉണ്ടായാലും ഒരിക്കലും ഇന്ത്യ വിച്ഛേദിക്കില്ലന്ന് ഉറപ്പാണെങ്കിലും റാഫേൽ ഉൾപ്പെടെ ചില കാര്യങ്ങളിൽ ഫ്രാൻസിന് നിലപാട് മാറ്റേണ്ടി വന്നേക്കും. ഇടപാടുകളിലും നിയന്ത്രണം വരും.കേന്ദ്രത്തിൽ ആര് അധികാരത്തിൽ വന്നാലും നിലവിലുള്ള കരാറുകൾ അവസാനിപ്പിക്കാൻ നിയമപരമായി കഴിയില്ല.എന്നാൽ പുതിയ കരാറുകളുടെ കാര്യത്തിൽ പുതിയ സർക്കാർ തന്നെയാണ് തീരുമാനമെടുക്കേണ്ടത്. മോദി സർക്കാർ അധികാരത്തിൽ വന്ന ശേഷം ഇന്ത്യ ഏറ്റവും അധികം കരാറുകളിൽ ഒപ്പിട്ടത് റഷ്യ, അമേരിക്ക, ഫ്രാൻസ്, ഇസ്രയേൽ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളുമായാണ്.
അതേ സമയം മോദി സർക്കാർ പുറത്ത് പോകണം എന്ന് അതിയായി ആഗ്രഹിക്കുന്ന പ്രധാന രാജ്യങ്ങൾ ചൈനയും പാക്കിസ്ഥാനുമാണ്. മോദിയുടെ ഭരണത്തിൽ സൈനികമായി ഇന്ത്യ കൈവരിച്ച നേട്ടങ്ങളും ശേഷിയുമാണ് ഈ രാജ്യങ്ങളുടെ ഉറക്കം കെടുത്തുന്നത്.
കടുത്ത ശത്രുക്കളായി പരസ്പരം പോരടിക്കുന്ന അമേരിക്കയെയും റഷ്യയെയും ഇന്ത്യക്ക് ഒപ്പം നിർത്താൻ കഴിഞ്ഞു എന്നതാണ് മോദിയുടെ ഭരണത്തിൽ ചൈനക്കും പാക്കിസ്ഥാനും അപ്രതീക്ഷിതമായത്.
ദോക് ലാമിൽ ഇന്ത്യൻ സൈന്യം അതിർത്തിയിൽ അതിക്രമിച്ച് കയറി എന്ന് ചൈന പരസ്യമായി ലോകത്തോട് വിളിച്ചു പറഞ്ഞിട്ടും സൈനികമായ ഒരു നടപടിക്ക് ചൈനീസ് ഭരണകൂടം മുതിരാതിരുന്നത് അമേരിക്കയുടെയും റഷ്യയുടെയും നിലപാട് വ്യക്തമായത് കൊണ്ടു കൂടിയായിരുന്നു.
അമേരിക്കയുടെ നിലപാട് കാര്യമാക്കാതിരുന്നപ്പോഴും റഷ്യ ഇന്ത്യക്കെതിരായ ഏത് നീക്കത്തിനെതിരെയും രംഗത്ത് വരുമെന്നതാണ് ചൈനയെ ഏറ്റവും അധികം ആശങ്കപ്പെടുത്തിയത്.
അന്താരാഷ്ട്ര തലത്തിൽ അമേരിക്കൻ വിരുദ്ധ ചേരിയിൽ സഹകരിക്കുന്ന റഷ്യയെ പിണക്കാൻ ചൈനീസ് ഭരണ കൂടം ഒരിക്കലും തയ്യാറായിരുന്നില്ല. ലോകത്ത് ഇന്ത്യക്ക് എക്കാലത്തും ഏതു സാഹചര്യത്തിലും വിശ്വസിക്കാവുന്ന പങ്കാളിയാണ് റഷ്യ.
സോവിയറ്റ് യൂണിയൻ ആയിരുന്ന കാലത്ത് തന്നെ റഷ്യ ഇന്ത്യയോടുള്ള അടുപ്പത്തിന്റെ വ്യാപ്തി തെളിയിച്ചിട്ടുണ്ട്. ഇന്ത്യ – പാക്ക് യുദ്ധകാലത്ത് പാക്കിസ്ഥാനെ സഹായിക്കാൻ വന്ന അമേരിക്കൻ പടക്കപ്പലുകളെ തടഞ്ഞ് തിരിച്ചയച്ചത് സോവിയറ്റ് യൂണിയന്റെ പടക്കപ്പൽ ആയിരുന്നു. ഇന്ത്യ – റഷ്യ അടുപ്പം ഏറ്റവും നന്നായി അറിയാവുന്ന രാജ്യമാണ് ചൈന. ഇന്ത്യ – ചൈന യുദ്ധകാലത്ത് രാജ്യത്ത് അതിക്രമിച്ച് കയറിയ ചൈനീസ് പട്ടാളത്തിന് തിരിച്ചു പോകേണ്ടി വന്നതും സോവിയറ്റ് യൂണിയന്റെ ശക്തമായ ഇടപെടലിനെ തുടർന്ന് കുടി ആയിരുന്നു.
ഇന്ത്യയിൽ അസ്ഥിരമായ ഒരു ഭരണ സംവിധാനം ഉണ്ടാകണമെന്നതാണ് ആത്യന്തികമായി ചൈനയും പാക്കിസ്ഥാനും ആഗ്രഹിക്കുന്നത്. അതു കൊണ്ട് തന്നെയാണ് ഇന്ത്യയിൽ നിർണ്ണായകമായ നിയമസഭാ തിരഞ്ഞെടുപ്പിനെ പോലും ചൈനീസ് ചാരക്കണ്ണുകൾ വീക്ഷിക്കുന്നത്.
ലോക രാഷ്ട്രങ്ങൾക്കിടയിൽ ഇന്ത്യക്കുള്ള പിന്തുണ മാത്രമല്ല, സമീപകാലത്ത് ആയുധ രംഗത്തും വ്യാവസായിക രംഗത്തും ഇന്ത്യ ഉണ്ടാക്കിയ മുന്നേറ്റവും ചൈനയെ സംബന്ധിച്ച് ഉറക്കം കെടുത്തുന്നതാണ്.
ഒരു യുദ്ധം ഉണ്ടായാൽ ഇരു വിഭാഗത്തിനും നാശനഷ്ടമുണ്ടാകുമെന്നും ചൈന ഇതുവരെ കൈവരിച്ച സകല നേട്ടങ്ങളും തകർന്നടിയുമെന്നും ചൈനീസ് ഭരണകൂടം തിരിച്ചറിഞ്ഞു കഴിഞ്ഞു.ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ദോക് ലാം വിഷയത്തിൽ പ്രതികരണം പ്രസ്താവനയിൽ മാത്രം ഒതുക്കി ചൈന പിന്നോട്ടടിച്ചത്.
സ്വന്തം ഭൂമിയിൽ ഇന്ത്യൻ സേന അതിക്രമിച്ചുകയറി എന്ന് ലോകത്തോട് വിളിച്ചു പറഞ്ഞ ചൈനീസ് പട്ടാളത്തിന് ഒരു വെടിയുണ്ട പോലും ഇന്ത്യൻ സേനക്ക് നേരെ ഉതിർക്കാനുള്ള ധൈര്യവും ഉണ്ടായില്ല.
ഇന്ത്യൻ കമാൻണ്ടോകൾ ചൈനയുടെ സഖ്യ രാജ്യമായ പാക്കിസ്ഥാൻ അതിർത്തി കടന്ന് ഭീകരരെയും സൈനികരെയും മിന്നൽ ആക്രമണത്തിലൂടെ വധിച്ചപ്പോഴും ചൈനക്ക് ശക്തമായി ഇടപെടാൻ കഴിഞ്ഞിരുന്നില്ല.
ചൈനയിൽ നിന്നും പാക്കിസ്ഥാനിലൂടെ ഗോദർ തുറമുഖത്തേക്ക് സാമ്പത്തിക ഇടനാഴി തീർത്ത് മുന്നോട്ട് പോകുന്ന ചൈനയെ സംബന്ധിച്ച് പാക്കിസ്ഥാനെ സഹായിക്കാനുള്ള ബാധ്യത ഉണ്ടായിരുന്നു.എന്നാൽ അവിവേകത്തിന് ചൈനീസ് ഭരണകൂടം തയ്യാറായിരുന്നില്ല എന്നതാണ് യാഥാർത്ഥ്യം.
ലോക രാഷ്ട്രങ്ങൾക്കിടയിൽ പാക്കിസ്ഥാൻ നാണം കെട്ട സംഭവമായിരുന്നു ഈ മിന്നൽ ആക്രമണം.
ഏത് ഭരണം ഇന്ത്യയിൽ വന്നാലും പാക്കിസ്ഥാനോടും ചൈനയോടും ഉള്ള നിലപാടിൽ മാറ്റം വരുത്തില്ലങ്കിലും തീവ്രമായ എടുത്ത് ചാട്ടം മറ്റു സർക്കാറുകളുടെ ഭാഗത്ത് നിന്നും ഉണ്ടാകില്ല എന്നത് തന്നെ ശത്രു രാജ്യങ്ങളെ സംബന്ധിച്ച് ആശ്വാസകരമാണ്.
ശക്തനായ ലോക നേതാവെന്ന നിലയിലേക്ക് ഇന്ത്യൻ പ്രധാനമന്ത്രി ഹൈലൈറ്റ് ചെയ്യപ്പെടുന്നതും ചൈനയെയും പാക്കിസ്ഥാനെയും സംബന്ധിച്ച് ഏറെ ആകുലപ്പെടുത്തുന്ന കാര്യമാണ്.
അതു കൊണ്ടു തന്നെയാണ് ലോകസഭ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് വിധിയെ ഈ രാജ്യങ്ങളും ഗൗരവമായി കാണുന്നത്.നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രി ആകരുതെന്ന് ഏറ്റവും അധികം ആഗ്രഹിക്കുന്നതും ഈ രണ്ടു രാജ്യങ്ങളിലെ ഭരണകൂടങ്ങളും സൈന്യവുമാണ്.