ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തില്‍ പാക്കിസ്ഥാന് തിരിച്ചടി നല്‍കാനായി ഇന്ത്യ ബാലകോട്ടില്‍ നടത്തിയ ആക്രമണത്തെ വിമര്‍ശിച്ച പ്രതിപക്ഷത്തിന് മറുപടി നല്‍കി പ്രധാനമന്ത്രി രംഗത്ത്. ബലാകോട്ടില്‍ ഇന്ത്യയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരരുടെ മൃതദേഹങ്ങള്‍ പാക്കിസ്ഥാന്‍ ഇനിയും എണ്ണി തീര്‍ന്നിട്ടില്ല. എന്നാല്‍ ഇവിടെ പ്രതിപക്ഷത്തിന് വേണ്ടത് അതിന് തെളിവുകളാണെന്നും അദ്ദേഹം പരിഹസിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഒഡീഷയില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്യവെയായിരുന്നു മോദിയുടെ പരാമര്‍ശം.
‘ഇന്ത്യ ബാലകോട്ടില്‍ ആക്രണം നടത്തയിട്ട് ഒരു മാസത്തോളമാകുന്നു അവര്‍ (പാക്കിസ്ഥാന്‍) ഇതുവരെയും ഭീകരരുടെ മൃതദേഹങ്ങള്‍ എണ്ണി തീര്‍ന്നിട്ടില്ല. എന്നാല്‍ ഇവിടുള്ളവര്‍ അതിന്റെയൊക്കെ തെളിവു ചോദിക്കുകയാണ്’.
ഇന്ത്യ കഴിഞ്ഞ ദിവസം നടത്തിയ മിഷന്‍ ശക്തിയെ കുറിച്ചുള്ള പ്രതിപക്ഷത്തിന്റെ വിമര്‍ശനത്തിനും മോദി മറുപടി നല്‍കി. ‘ബഹിരാകാശത്ത് പോലും നമ്മള്‍ ഇന്ന് കാവല്‍ക്കാരായി മാറിയിരിക്കുന്നു. ലോകരാജ്യങ്ങള്‍ ഇന്ത്യയെ വീക്ഷിക്കുകയാണ്. എന്നാല്‍ ഇവിടെ ചില ആളുകള്‍ ആ നേട്ടത്തെ പരിഹസിക്കുക മാത്രമാണ് ചെയ്യുന്നത്. നേട്ടങ്ങളെയെല്ലാം ചോദ്യം ചെയ്യുകയും, വിമര്‍ശിക്കുകയും മാത്രമാണ് അത്തരക്കാരുടെ ജോലി’- മോദി പറഞ്ഞു.