ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോഴും പൗരന്‍മാര്‍ക്ക് ഏക വ്യക്തി നിയമം കൊണ്ടുവരാനുള്ള ബിജെപിയുടെ നീക്കങ്ങള്‍ ശക്തമാകുന്നതായി വിവരം. ഒരു രാജ്യം ഒരു നിയമം എന്ന പ്രഖ്യാപിത ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ബിജെപി നീക്കം എന്നാണ് സൂചന. എല്ലാ എംപിമാരോടും രാജ്യസഭയില്‍ ഹാജരാകാനും സര്‍ക്കാര്‍ തീരുമാനത്തിന് ഒപ്പം നില്‍ക്കാനും നിര്‍ദ്ദേശിച്ച് ഇന്നലെ പാര്‍ട്ടി വിപ്പ് നല്‍കിയിരുന്നു. ഇത് ഏകീകൃത സിവില്‍കോഡ് ബില്ല് കൊണ്ടുവരുന്നതിന് മുന്നോടിയായാണോ എന്ന അഭ്യൂഹങ്ങള്‍ ശക്തമാകുകയാണ്.
ബില്ല് അവതരിപ്പിക്കാനുള്ള കൂടിയാലോചനകള്‍ ബിജെപി കേന്ദ്രങ്ങളിലും നടക്കുന്നതായി വാര്‍ത്തകളുണ്ട്. സാധാരണയില്‍ നിന്ന് വ്യത്യസ്തമായി പാര്‍ലമെന്ററി പാര്‍ട്ടിയോഗവും ബിജെപി റദ്ദാക്കിയിട്ടുണ്ട്. അതേസമയം ഡല്‍ഹി തെരഞ്ഞെടുപ്പ് ഫലം വന്ന അതേ ദിവസം തന്നെ ഏകീകൃത സിവില്‍കോഡ് ബില്ലുമായി എത്താന്‍ ബിജെപി തയ്യാറാകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഭരണഘടനയുടെ 44ാം വകുപ്പില്‍ നിര്‍ദേശക തത്വങ്ങളില്‍ ഉള്‍പ്പെടുന്നതാണ് ഏകീകൃത സിവില്‍ കോഡ്.