ന്യൂഡല്‍ഹി : ഇന്ത്യന്‍ രാഷ്ട്രീയലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന 2017ലെ ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രചാരണം പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ നയിക്കും.
കര്‍ഷകര്‍ക്കും പാവപ്പെട്ടവര്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കുമായുള്ള കേന്ദ്ര പദ്ധതികളെ ഊന്നിയുള്ളതാകും ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം.
പ്രചാരണത്തിന്റെ ഭാഗമായി മോദി പങ്കെടുക്കുന്ന വന്‍കിട റാലികളും ഉത്തര്‍പ്രദേശിന്റെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിക്കും.
ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് എന്നിവരും മോദിക്കൊപ്പം തിരഞ്ഞെടുപ്പ് പ്രചാരണം നയിക്കും.
2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുശേഷം ചെറിയ തിരിച്ചടികള്‍ നേരിട്ടെങ്കിലും ഒരിക്കല്‍ക്കൂടി മോദി തരംഗത്തില്‍ത്തന്നെ വിശ്വാസമര്‍പ്പിച്ച് ഉത്തര്‍പ്രദേശ് പിടിക്കാനാണ് ബിജെപിയുടെ പടയൊരുക്കം.
മോദിക്കു കീഴില്‍ കേന്ദ്ര സര്‍ക്കാര്‍ കൈവരിച്ച നേട്ടങ്ങളാകും തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ബിജെപിയുടെ മുഖ്യ ആയുധം. പാവപ്പെട്ടവരുടെയും കര്‍ഷകരുടെയും ഉന്നമനത്തിനായി സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതികള്‍ ജനങ്ങളിലെത്തിച്ച് വോട്ടാക്കി മാറ്റാമെന്നാണ് ബിജെപി പ്രതീക്ഷ.
കര്‍ഷകര്‍ക്കും പാവപ്പെട്ടവര്‍ക്കുമായുള്ള പദ്ധതികളുടെ വിശദാംശങ്ങളും അതിന്റെ ഗുണങ്ങളും യഥോചിതം ജനങ്ങളിലെത്തിക്കുന്നതിനാകും ബിജെപി പ്രാമുഖ്യം നല്‍കുകയെന്ന് ഉത്തര്‍പ്രദേശില്‍നിന്നുള്ള ബിജെപി നേതാവ് വ്യക്തമാക്കി.
പ്രചാരണ സൗകര്യാര്‍ഥം സംസ്ഥാനത്തെ ആറു പ്രവിശ്യകളായി തിരിച്ചിട്ടുണ്ട്.
ഒരേസമയം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നാല് യാത്രകള്‍ സംഘടിപ്പിക്കുന്ന കാര്യവും പാര്‍ട്ടി പരിഗണിക്കുന്നുണ്ട്.
കേന്ദ്ര സര്‍ക്കാരിന്റെ നേട്ടങ്ങളും വിവിധ പദ്ധതികളുടെ പ്രയോജനങ്ങളും ജനങ്ങളിലെത്തിക്കുന്നതിനാണിത്. 100 ദിവസത്തിലധികം നീണ്ടുനില്‍ക്കുന്നതായിരിക്കും ഈ യാത്രകള്‍.
ഓരോ യാത്രയും രണ്ടു വീതം പ്രവിശ്യകളിലൂടെ കടന്നുപോയി ലക്‌നൗവില്‍ സമാപിക്കും. നിലവില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നേതൃത്വം നല്‍കുന്ന കിസാന്‍ യാത്രയ്ക്ക് ബദലായി ഈ യാത്രകളെ ഉയര്‍ത്തിക്കാട്ടും.
ഓരോ മാസവും കുറഞ്ഞത് ഓരോ റാലികളിലെങ്കിലും മോദി പങ്കെടുക്കും.