വാഷിംഗ്ടണ്‍: ത്രിദിന അമേരിക്കന്‍ സന്ദര്‍ശനം തുടരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയില്‍ നിന്നും പ്രത്യേകം തയ്യാറാക്കിയ ഉപഹാരം കമല ഹാരിസിന് സമ്മാനിച്ചു. കരകൗശല നിര്‍മ്മിത ചെസ് സെറ്റാണ് പ്രധാനമന്ത്രി കമല ഹാരിസിനായി സമ്മാനിച്ചത്. ഇതിലെ ഓരോ കരുക്കളും പ്രത്യേക രീതിയില്‍ കൈകളാല്‍ നിര്‍മ്മിച്ചവയാണ്. ലോകത്തിലെ ഏറ്റവും പഴയ നഗരങ്ങളിലൊന്നായ കാശിയുമായി ബന്ധപ്പെട്ടിരിക്കുന്ന നിറങ്ങളാണ് ഇവയ്ക്ക്. നീലയും പച്ചയും നിറമുള്ള വര്‍ണ്ണങ്ങളാണ് നിര്‍മ്മിക്കുവാനായി ഉപയോഗിച്ചിരിക്കുന്നത്.
ഈ സമ്മാനത്തിന് പുറമേ കമലയ്ക്ക് ഗൃഹാതുരത്വം ഉണര്‍ത്തുന്ന മറ്റൊരു സമ്മാനവും മോദി നല്‍കി. കമല ഹാരിസിന്റെ മുത്തച്ഛന്‍ പി വി ഗോപാലനുമായി ബന്ധപ്പെട്ടതായിരുന്നു അത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹത്തെ കുറിച്ച് സര്‍ക്കാര്‍ രേഖകളിലുള്ള അറിയിപ്പ് മരം കൊണ്ടുണ്ടാക്കിയ ഫ്രയിമില്‍ ഉള്ളടക്കം ചെയ്താണ് മോദി സമ്മാനിച്ചത്.
കൂടിക്കാഴ്ച നടത്തുന്ന വിവിധ രാജ്യതലവന്‍മാര്‍ക്കായി ഇന്ത്യയുടെ പുണ്യ നഗരമായ കാശിയില്‍ നിര്‍മ്മിക്കുന്ന കരകൗശല വസ്തുക്കളാണ് മോദി ഇക്കുറി വിദേശത്ത് പോയപ്പോള്‍ കരുതിയിരിക്കുന്നത്. കമല ഹാരിസിന് പുറമേ മറ്റ് രണ്ട് വിശിഷ്ട വ്യക്തികള്‍ക്കായി മോദി കരുതിയ സമ്മാനങ്ങളെ കുറിച്ചുള്ള വിവരങ്ങളും പുറത്ത് വന്നുകഴിഞ്ഞു.
ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണിന് കാശിയില്‍ നിന്നും നിര്‍മ്മിച്ച കപ്പലിന്റെ ചെറുമാതൃകയാണ് സമ്മാനമായി നല്‍കിയത്. കാശിയുടെ ചരിത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു ഈ സമ്മാനം. അതേസമയം ജപ്പാന്‍ പ്രധാനമന്ത്രി യൊസൈഡ് സുഗയ്ക്ക് ചന്ദന ബുദ്ധ പ്രതിമയാണ് സമ്മാനിച്ചത്. ഇന്ത്യയെയും ജപ്പാനെയും ബന്ധിപ്പിക്കുന്ന ബുദ്ധമതത്തെയാണ് ഇതിലൂടെ മോദി ഓര്‍മ്മിപ്പിക്കുന്നത്. ഇതും കാശിയില്‍ നിര്‍മ്മിച്ചതാണ്. പ്രധാനമന്ത്രിയുടെ മണ്ഡലമായ വരാണസിയില്‍ ഉള്‍പ്പെട്ട സ്ഥലം കൂടിയാണ് കാശി.