രാജസ്ഥാന്‍ : തെരഞ്ഞെടുപ്പ് റാലിയില്‍ പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പ് നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. തങ്ങള്‍ക്ക് ന്യൂക്ലിയര്‍ ബട്ടണ്‍ ഉണ്ടെന്നാണ് അവര്‍ സ്ഥിരം പറയുന്നത്. ഇന്ത്യക്കും ആണവായുധമുണ്ടെന്നും അത് ദീപാവലിക്ക് പൊട്ടിക്കാന്‍ വച്ചിരിക്കുന്നത് അല്ലെന്നും മോദി പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കി.
പാകിസ്ഥാന്റെ ഭീഷണിയില്‍ ഭയപ്പെടുന്ന നയം ഇന്ത്യ അവസാനിപ്പിച്ചുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. രാജസ്ഥാനിലെ ബാര്‍ മേറിലെ റാലിയിലാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം.
ബലാക്കോട്ട് ആക്രമണത്തിന് പിന്നാലെ ഉണ്ടായ പ്രത്യാക്രമണത്തില്‍ പാക് യുദ്ധ വിമാനങ്ങളെ തുരത്തുന്നതിനിടയില്‍ പാകിസ്ഥാന്റെ കസ്റ്റഡിയിലായ അഭിനന്ദന്‍ വര്‍ത്തമാനെക്കുറിച്ചും മോദി തന്റെ പ്രസംഗത്തില്‍ പരാമര്‍ശിച്ചു. ‘ഞങ്ങള്‍ ഒരു വാര്‍ത്താ സമ്മേളനം വിളിച്ച് പാകിസ്ഥാന് കൃത്യമായ മുന്നറിയിപ്പ് നല്‍കിയിരുന്നു. അതായത് ഞങ്ങളുടെ പൈലറ്റിന് എന്തെങ്കിലും സംഭവിച്ചാല്‍ നിങ്ങളെ വെറുതെ വിടില്ലെന്ന്’ – മോദി പറഞ്ഞു.
എന്നാല്‍ രണ്ടാം ദിവസം ഒരു മുതിര്‍ന്ന അമേരിക്കന്‍ ഉദ്യോഗസ്ഥന്‍ മോദി 12 മിസൈലുകള്‍ തയ്യാറാക്കി വെച്ചിട്ടുണ്ടെന്നും ചിലപ്പോള്‍ ആക്രമിച്ചേക്കും എന്ന് പാകിസ്ഥാനോട് പറഞ്ഞതോടെ പൈലറ്റിനെ വിട്ടു തരാമെന്ന് പാകിസ്ഥാന്‍ ഇന്ത്യയെ അറിയിക്കുകയായിരുന്നു. എന്നാല്‍ ഇത് അമേരിക്ക പറഞ്ഞതാണെന്നും തനിക്കിതിനെക്കുറിച്ച് ഇപ്പോള്‍ ഒന്നും പറയാനില്ലെന്നും സമയമാകുമ്പോള്‍ എല്ലാം വിശദമാക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.