മന്ത്രിമാരെല്ലാം സമ്പന്നര്‍; മോദി മന്ത്രിസഭയിലെ 51 പേര്‍ കോടീശ്വരന്മാര്‍

ന്യൂഡല്‍ഹി: മോദി മന്ത്രിസഭയിലെ മന്ത്രിമാരില്‍ ഭൂരിപക്ഷവും കോടീശ്വരന്‍മാര്‍. 56 മന്ത്രിമാരില്‍ 51 പേരും അതി സമ്പന്നരാണെന്നാണ് റിപ്പോര്‍ട്ട്.

ശിരോമണി അകാലിദള്‍ നേതാവ് ഹര്‍സ്രിമത് കൗര്‍ ബാദലാണ് ഏറ്റവും കൂടുതല്‍ ആസ്തിയുള്ള മന്ത്രി. പഞ്ചാബിലെ ബദിണ്ഡയില്‍നിന്നുള്ള എംപിയായ ഹര്‍സ്രിമതിന് 217 കോടിയുടെ ആസ്തിയാണുള്ളത്. മറ്റ് മന്ത്രിമാര്‍ക്കൊക്കെ 100 കോടിയില്‍ താഴെയാണ് ആസ്തി.

ആസ്തിയുടെ കാര്യത്തില്‍ രണ്ടാം സ്ഥാനത്തുള്ളത് രാജ്യസഭാംഗമായ പിയൂഷ് ഗോയലാണ്. 95 കോടി രൂപയാണ് ആസ്തി. ഗുരുഗ്രാമില്‍നിന്ന് ജനവിധിതേടിയ റാവു ഇന്ദ്രജിത് സിംഗിന് ആകെ 42 കോടിയുടെ ആസ്തിയാണുള്ളത്. ഇദ്ദേഹത്തിനു പിന്നിലായി ബിജെപി ദേശീയ അധ്യക്ഷനുണ്ട്. അമിത് ഷായുടെ ആസ്തി 40 കോടിയാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചെറിയൊരു കോടീശ്വരനാണ്. രണ്ട് കോടിയാണ് മോദിയുടെ ആസ്തി. പട്ടികയില്‍ അദ്ദേഹം നാല്‍പ്പത്തിയാറാമതാണ്. രണ്ടു കോടി രൂപയാണ് അദ്ദേഹത്തിന്റെ ആസ്തി. പ്രധാനമന്ത്രിയേക്കാള്‍ ആസ്തി കുറവുള്ളത് 10 മന്ത്രിമാര്‍ക്കാണ്. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍നിന്നുള്ള സഞ്ജീവ് കുമാര്‍ ബല്യാന്‍, അരുണാചലില്‍നിന്നുള്ള കിരണ്‍ റിജിജുവിനും ഒരു കോടി രൂപയുടെ ആസ്തിയാണുള്ളത്.

സാധ്വി നിരഞ്ജന്‍ ജ്യോതിക്കും ഒരു കോടി രൂപയുടെ ആസ്തിയുണ്ട്. ഒഡീഷയില്‍നിന്നുമുള്ള പ്രതാപ് ചന്ദ്ര സാരംഗിയാണ് മന്ത്രിമാരില്‍ ആസ്തി ഏറ്റവും കുറവുള്ളത്. ഇദ്ദേഹത്തിന് 13 ലക്ഷം രൂപയുടെ ആസ്തിയാണ് ഉള്ളത്.

Top