ന്യൂഡല്‍ഹി: അങ്ങേയറ്റം വിശിഷ്ടരായ സാമ്പത്തിക വിദഗ്ധരില്‍ ഒരാളാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനെന്ന് മുന്‍ കേന്ദ്രധനമന്ത്രി പി.ചിദംബരം.
ബിജെപിയുടെ വിവിധകോണുകളില്‍ നിന്ന് അദ്ദേഹത്തിനുനേരെയുണ്ടാകുന്ന ആക്രമണങ്ങള്‍ രഘുറാം രാജനെ നരേന്ദ്രമോദി സര്‍ക്കാര്‍ അര്‍ഹിക്കുന്നുണ്ടോയെന്ന ചോദ്യമാണ് ഉയര്‍ത്തുന്നതെന്നും ചിദംബരം പറഞ്ഞു.
സമ്പദ്‌വ്യവസ്ഥ നിയന്ത്രിക്കുന്നതില്‍ കേന്ദ്രം പരാജയപ്പെട്ടു. കാര്‍ഷികരംഗവും വ്യവസായവും അസ്വസ്ഥമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ സര്‍ക്കാര്‍ രഘുറാം രാജനെ അര്‍ഹിക്കുന്നുണ്ടോയെന്ന താന്‍ ഇപ്പോള്‍ ചിന്തിക്കാന്‍ തുടങ്ങി. ഏറ്റവും വിശിഷ്ടരായ സാമ്പത്തികവിദഗ്ധരില്‍ ഒരാളാണ് രഘുറാം രാജന്‍. അദ്ദേഹത്തില്‍ പൂര്‍ണ വിശ്വാസം ഉണ്ടായിരിക്കണം.
യുപിഎ സര്‍ക്കാര്‍ കേന്ദ്രബാങ്കിന്റെ എല്ലാ ഗവര്‍ണര്‍മാരുമായി മികച്ച ബന്ധമാണ് കാത്തു സൂക്ഷിച്ചിരുന്നതെന്നും ചിദംബരം ഓര്‍മിപ്പിച്ചു. നേരത്തെ, ആര്‍ബിഐ ഗവര്‍ണര്‍ക്കെതിരെ ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി രംഗത്തെത്തിയിരുന്നു.
മാനസികമായി പൂര്‍ണ ഇന്ത്യക്കാരനല്ലെന്നും രഘുറാം രാജനെ പുറത്താക്കണമെന്നും ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സ്വാമി രണ്ടു കത്തുകള്‍ അയച്ചിരുന്നു.
മോദി സര്‍ക്കാരിന്റെ രണ്ടുവര്‍ഷത്തെക്കുറിച്ച് മാധ്യമങ്ങളോടു സംസാരിക്കവെ രഘുറാം രാജനെക്കുറിച്ചുള്ള സ്വാമിയുടെ പരാമര്‍ശങ്ങളോട് പ്രതികരിക്കാന്‍ ആദ്യമൊന്നും ചിദംബരം തയാറായില്ല.
പ്രധാനമന്ത്രി നരേന്ദ്ര മോദിയോ ധനമന്ത്രി അരുണ്‍ ജയറ്റ്‌ലിയോ ആര്‍ബിഐ ഗവര്‍ണര്‍ക്കെതിരെ പരാമര്‍ശം നടത്തിയാല്‍ കോണ്‍ഗ്രസ് പ്രതികരിക്കുമെന്നായിരുന്നു ചിദംബരത്തിന്റെ നിലപാട്.