മൗനത്തിന്റേയും ഭീഷണിയുടേയും മേലങ്കിയണിഞ്ഞ് മാഫിയ രീതിയാണ് മോദി സര്‍ക്കാര്‍ പിന്തുടരുന്നത്; ജയറാം രമേശ്

ന്യൂഡല്‍ഹി: കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയത് കേന്ദ്രസര്‍ക്കാരിന്റെ അടിച്ചമര്‍ത്തല്‍ നയത്തിന്റെ ഭാഗമാണെന്ന് കോണ്‍ഗ്രസ്. വിവിധ പദ്ധതികളിലെ അഴിമതി പുറത്തുകൊണ്ടുവന്ന ഉദ്യോഗസ്ഥരെയാണ് സര്‍ക്കാര്‍ സ്ഥലം മാറ്റിയതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. സിഎജി ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയ ഉത്തരവ് റദ്ദാക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

തങ്ങളുടെ അഴിമതി വെളിച്ചത്തുകൊണ്ടുവരുന്നവരെ ഭീഷണിപ്പെടുത്തുകയും സ്ഥലംമാറ്റുകയും ചെയ്യുന്നതാണ് മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനരീതിയെന്ന് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ടുള്ള മാധ്യമവാര്‍ത്ത ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് ആരോപിച്ചു. സ്ഥലം മാറ്റത്തിനുള്ള ഉത്തരവ് അടിയന്തരമായി റദ്ദാക്കി, ഉദ്യോഗസ്ഥരെ തിരികെ കൊണ്ടുവരണമെന്നും ദ്വാരക അതിവേഗപാത, ഭരത് മാല, ആയുഷ്മാന്‍ ഭാരത് എന്നീ പദ്ധതികളുമായി ബന്ധപ്പെട്ടുള്ള അഴിമതിക്കെതിരെ നടപടി സ്വീകരിക്കണമെന്നും ജയറാം രമേശ് എക്സ് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.

‘മൗനത്തിന്റേയും ഭീഷണിയുടേയും മേലങ്കിയണിഞ്ഞ് തികച്ചുമൊരു മാഫിയ രീതിയാണ് മോദി സര്‍ക്കാര്‍ പിന്തുടരുന്നത്. സര്‍ക്കാരിന്റെ അഴിമതി ആരെങ്കിലും തുറന്നുകാട്ടിയാല്‍ അവരെ വിരട്ടുകയും പുറത്താക്കുകയും ചെയ്യും. സര്‍ക്കാര്‍ പദ്ധതികളിലെ വ്യാപകമായ അഴിമതി തുറന്നുകാട്ടുന്ന, പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ മേശപ്പുറത്തുവെച്ച റിപ്പോര്‍ട്ട് തയ്യാറാക്കിയ സിഎജിയിലെ മൂന്ന് ഉദ്യോഗസ്ഥരാണ് മോദി സര്‍ക്കാരിന്റെ ഏറ്റവും പുതിയ ഇരകള്‍’, ജയറാം രമേശ് കുറ്റപ്പെടുത്തി.

അതിവേഗപാതയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കായി വകയിരുത്തിയ തുകയില്‍ കോടിക്കണക്കിന് രൂപയുടെ അഴിമതി നടന്നതായി സിഎജി റിപ്പോര്‍ട്ടിലുണ്ട്. കൂടാതെ, ലക്ഷക്കണക്കിന് രൂപ മരിച്ചുപോയരോഗികളുടെ പേരില്‍ നല്‍കിയതായും, ഏഴരലക്ഷത്തോളം ഗുണഭോക്താക്കളെ ഒരൊറ്റ മൊബൈല്‍ നമ്പറില്‍ ബന്ധപ്പെടുത്തിയിരിക്കുന്നതായും ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ കണക്കുകളില്‍ കണ്ടെത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top