ഇന്‍ഡോര്‍ : നരേന്ദ്രമോദി സര്‍ക്കാര്‍ എത്ര അംഗീകരിക്കാതിരുന്നാലും നോട്ടുകള്‍ അസാധുവാക്കിയ തീരുമാനം ചരിത്രപരമായ പരാജയം തന്നെയായിരുന്നുവെന്ന് മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്.
‘പാര്‍ലമെന്റും സി.ബി.ഐയും പോലുള്ളവയുടെ ക്രെഡിബിലിറ്റി കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ജനാധിപത്യത്തെ തകര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നത്.’നിയമവ്യവസ്ഥ ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഈ അവസ്ഥ മാറിയില്ലെങ്കില്‍ നമ്മുടെ തലമുറയ്ക്ക് ചരിത്രം മാപ്പ് കൊടുക്കില്ല’ എല്ലാവരും ഒന്നിച്ച് ചേര്‍ന്ന് ബി.ജെ.പിയെ പരാജയപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മധ്യപ്രദേശ് തിരഞ്ഞെടുപ്പിന് മുന്നോടിയായി വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചത്.
റാഫേല്‍ ഇടപാടില്‍ രാജ്യം സംശയത്തോടെയാണ് സര്‍ക്കാരിനെ നോക്കുന്നത്. അവര്‍ക്ക് സത്യം അറിയാന്‍ ആഗ്രഹമുണ്ട്. പ്രതിപക്ഷത്തുള്ളവരടക്കം നിരവധി സംഘടനകള്‍ കരാര്‍, സംയുക്ത പാര്‍ലമെന്റി സമിതിയേക്കൊണ്ട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ അതിന് തയ്യാറായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
നോട്ടു നിരോധനം ഒരിക്കലും മരിക്കാത്ത പിഴവാണ്, കള്ളപ്പണം പിടിച്ചെടുക്കാനും കഴിഞ്ഞില്ല. 2014 ല്‍ മോദി നല്‍കിയ ജോലി വാഗ്ദാനം ഇനിയും പാലിച്ചിട്ടില്ലെന്നും മന്‍മോഹന്‍ സിംഗ് വ്യക്തമാക്കി.