പുൽവാമയിലെ ഭീകരാക്രമണം രാഷ്ട്രീയ ഇന്ത്യയിൽ വീണ്ടും വലിയ രാഷ്ട്രീയ കൊടുങ്കാറ്റാണ് സൃഷ്ടിച്ചിരിക്കുന്നത്. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയെ പ്രതിരോധത്തിലാക്കി രംഗത്ത് വന്നിരിക്കുന്നത് പുല്‍വാമ ഭീകരാക്രമണത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സുരക്ഷാ വീഴ്ച സംഭവിച്ചെന്നും ഇക്കാര്യം മിണ്ടരുതെന്ന് മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ തന്നോട് ആവശ്യപ്പെട്ടെന്നുമാണ് അന്നത്തെ ജമ്മു കശ്മീർ ഗവർണ്ണറായിരുന്ന സത്യപാല്‍ മാലിക് വെളിപ്പെടുത്തിയിരുന്നത്. ദ് വയറിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഗുരുതരമായ ഇത്തരമൊരു ആരോപണം അദ്ദേഹം ഉയർത്തിയിരുന്നത്. മോദി ഭരണകൂടത്തിന്റെ ശുപാർശയിൽ നിയമിക്കപ്പെട്ട മുൻ ജമ്മു കശ്മീർ ഗവർണ്ണർ തന്നെയാണ് വെളിപ്പെടുത്തൽ നടത്തിയത് എന്നത് ആരോപണത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നതാണ്.
സി.പി.എമ്മും കോൺഗ്രസ്സും ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾ ഇതിനകം തന്നെ വിഷയം ഏറ്റെടുത്ത് രംഗത്ത് വന്നിട്ടുണ്ട്. ഇക്കാര്യത്തിൽ അന്വേഷണം വേണമെന്നാണ് സി.പി.എം ജനറൽ സെകട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്റലിജൻസ് വീഴ്ച ഉണ്ടായെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം മോദി സർക്കാർ മൗനം വെടിയണമെന്നും ദേശസുരക്ഷയിൽ വിട്ടുവീഴ്ച പാടില്ലെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം സത്യപാൽ മാലിക്കിന്റെ വെളിപ്പെടുത്തലിൽ മാധ്യമങ്ങൾക്കെതിരെ ശശി തരൂർ എം.പി രൂക്ഷമായ വിമർശനമാണ് ഉന്നയിച്ചിരിക്കുന്നത്.
ജമ്മു കശ്മീരിലെ ഇന്ത്യൻ സർക്കാരിന്റെ അധികാരം വിനിയോഗിക്കുക എന്ന ഉത്തരവാദിത്തമുള്ള ഗവർണർ ഒരു ദേശീയ ദുരന്തത്തിന് തന്റെ മേലധികാരികളെ കുറ്റപ്പെടുത്തുമ്പോൾ അത് ശക്തമായി റിപ്പോർട്ട് ചെയ്യുന്നതിൽ മാധ്യമങ്ങൾ പരാജയപ്പെടുന്നതിനെയാണ് തരൂർ ചോദ്യം ചെയ്തിരിക്കുന്നത്. മുഖ്യധാരാ മാധ്യമങ്ങൾ മനഃപൂർവം തങ്ങളുടെ കടമ മറക്കുകയോ അതല്ലെങ്കിൽ നിയമവിധേയമല്ലാത്ത സെൻസർഷിപ്പിന്റെ തെളിവോ ആണ് ഈ മൗനത്തിന് പിന്നിലെന്നാണ് തരൂർ ആരോപിക്കുന്നത്. പുല്‍വാമ ദുരന്തത്തിന്റെ പിന്നാമ്പുറ സംഭവ കഥകള്‍ അടിച്ചമര്‍ത്തുന്നത് ദേശീയ സുരക്ഷാ താല്‍പ്പര്യമല്ലെന്നും മറിച്ച് ഭരണകക്ഷിയുടെ രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ മാത്രമാണെന്നും അദ്ദേഹം തുറന്നടിച്ചിട്ടുണ്ട്. ഇതോടൊപ്പം മുൻ ഗവർണ്ണർ സത്യപാൽ മാലിക്ക് ഉന്നയിച്ച ആരോപണങ്ങളും അക്കമിട്ട് തരൂർ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
സിആർപിഎഫ് തങ്ങളുടെ ഉദ്യോഗസ്ഥരെ എയർ ലിഫ്റ്റ് ചെയ്യാൻ വിമാനം ആവശ്യപ്പെട്ടപ്പോൾ ഇത് ആഭ്യന്തര മന്ത്രാലയം നിരസിച്ചതായാണ് ഒന്നാമത്തെ ആരോപണം. തിരഞ്ഞെടുത്ത പാത സുരക്ഷിതമാക്കിയിട്ടില്ലന്നതും വാഹനവ്യൂഹത്തെ ആക്രമിക്കാൻ സാധ്യതയുള്ള ലിങ്ക് റോഡുകളിൽ സുരക്ഷാ ഉദ്യോഗസ്ഥർ ഉണ്ടായിരുന്നില്ലന്നതുമാണ് രണ്ടാമത്തെ കുറ്റപ്പെടുത്തൽ. പാക്കിസ്ഥാനിൽ നിന്നുള്ള 300 കിലോഗ്രാം ആർഡിഎക്‌സ് വഹിച്ച കാർ ജമ്മു കശ്മീറിലേക്ക് പ്രവേശിക്കുകയും പത്ത് ദിവസങ്ങളോളം തടസ്സമില്ലാതെ കറങ്ങുകയും ചെയ്തത് കഴിവില്ലായ്മയോ അശ്രദ്ധയോ എന്ന ചോദ്യം തരൂരും ഫെയ്സ് ബുക്കിലൂടെ ഉയർത്തിയിട്ടുണ്ട്.
രഹസ്യാന്വേഷണ സുരക്ഷാ വീഴ്ചകളെക്കുറിച്ച് ഗവർണർ മാലിക് പ്രധാനമന്ത്രിയോടും ദേശീയ സുരക്ഷാ ഉപദേഷ്ടാവിനോടും പറഞ്ഞിട്ടും അവർ അദ്ദേഹത്തോട് അതിനെക്കുറിച്ച് പരസ്യമായി സംസാരിക്കരുതെന്ന് നിർദേശം നൽകിയതായ മാലിക്കിന്റെ വെളിപ്പെടുത്തലാണ് നാലാമതായി തരൂർ പരാമർശിച്ചിരിക്കുന്നത്.
ആർട്ടിക്കിൾ 370 റദ്ദാക്കുന്നതിന് ഭരണഘടനാപരമായി ജമ്മു കശ്മീർ ഗവൺമെന്റിന്റെ അനുമതി നൽകേണ്ടിയിരുന്നത് ഗവർണറായിരുന്നെങ്കിലും അദ്ദേഹത്തെ വിവരം അറിയിച്ചത് അവസാന നിമിഷം മാത്രമായിരുന്നു എന്ന കാര്യവും ഈ പോസ്റ്റിൽ എടുത്ത് പറയുന്നുണ്ട്.
ജമ്മു കശ്മീരിനെ ഒരു സംസ്ഥാനത്തിൽ നിന്ന് കേന്ദ്രഭരണ പ്രദേശമായി തരംതാഴ്ത്തിയത് കശ്മീരി അഭിമാനത്തെ വ്രണപ്പെടുത്തുന്ന അനാവശ്യമായ അപമാനമാണെന്ന് ഗവർണർ മാലിക്കിന് തോന്നിയ കാര്യം കൂടി രേഖപ്പെടുത്തിയാണ് ശശി തരൂർ ഫെയ്സ് ബുക്ക് പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്. ഇതിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ബി.ജെ.പിയെ മാത്രമല്ല സംഘപരിവാർ സംഘടനകളെ മുഴുവൻ രാഷ്ട്രീയമായി പ്രതിരോധത്തിലാക്കുന്ന ഗുരുതര ആരോപണം മുൻ ജമ്മുകശ്മീർ ഗവർണ്ണർ ഉന്നയിച്ചിട്ടും ഇതിനു മറുപടി പറയാൻ പ്രതിപക്ഷ നേതാക്കൾ ആവശ്യപ്പെട്ടിട്ടും കേന്ദ്രവും പരിവാർ നേതൃത്വവും മൗനം തുടരുകയാണ്. ഇതോടെ ഇത് വലിയ രാഷ്ട്രീയ വിഷയമായാണ് മാറുന്നത്. സത്യപാൽമാലിക്ക് പറഞ്ഞത് കളവാണെങ്കിൽ അദ്ദേഹത്തിനെതിരെ ശക്തമായ നടപടിക്ക് കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന ആവശ്യവും ഉയർന്നു കഴിഞ്ഞു. എന്നാൽ ഇക്കാര്യത്തിലും ഇതുവരെ കേന്ദ്രം നിലപാട് വ്യക്തമാക്കിയിട്ടില്ല.
2019 ഫെബ്രുവരി 14നാണ്, പുല്‍വാമ ജില്ലയിലെ അവന്തിപോറയില്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിനു നേരെ ഭീകരരുടെ ആക്രമണം നടന്നിരുന്നത്. അവധി കഴിഞ്ഞ് ജോലി സ്ഥലത്തേക്ക് തിരിച്ച 40 ജവാന്‍മാരാണ് ഈ ആക്രമണത്തിൽ തൽക്ഷണം കൊല്ലപ്പെട്ടിരുന്നത്. തുടർന്ന് പാകിസ്ഥാന്‍ കേന്ദ്രീകരിച്ച തീവ്രവാദ സംഘടനയായ ജയ്‌ഷെ മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്തു. ഇതിനു തിരിച്ചടിയായി ഇന്ത്യൻ സൈന്യം പാക്ക് അതിർത്തി കടന്നു നടത്തിയ മിന്നൽ ആക്രമണത്തിൽ നൂറ് കണക്കിന് ഭീകരരാണ് കൊല്ലപ്പെട്ടിരുന്നത്. അനവധി ഭീകര ക്യാംപുകളും സൈന്യം ചാമ്പലാക്കുകയുണ്ടായി. ലോകത്തിനു മുന്നിൽ ഇന്ത്യയുടെ കരുത്ത് കാട്ടിയ ആക്രമണമായിരുന്നു അത്. ഈ സംഭവം തുടർന്ന് നടന്ന ലോകസഭ തിരഞ്ഞെടുപ്പിലും ബി.ജെ.പിക്ക് വലിയ ഗുണമാണ് ചെയ്തിരുന്നത്.
മോദിയുടെ തുടർ ഭരണത്തിന് ബാലക്കോട്ടെ ഈ ആക്രമണം ഗുണം ചെയ്തെന്ന് വിലയിരുത്തുന്ന പ്രതിപക്ഷ പാർട്ടികളെ സംബന്ധിച്ച് അന്നത്തെ ഗവർണ്ണറുടെ വെളിപ്പെടുത്തൽ ബി.ജെ.പിക്ക് എതിരായ വലിയ ഒരായുധമായാണ് ഇപ്പോൾ മാറിയിരിക്കുന്നത്. സത്യപാൽ മാലിക്ക് എന്ന ഈ മുൻ ഗവർണ്ണർ മുൻപും വിവാദങ്ങളുടെ തോഴനാണ്. 2017 മുതൽ ആർട്ടിക്കിൾ 370 റദ്ദാക്കുന്നത് വരെ ജമ്മു കശ്മീരിലും പിന്നീട് ഗോവയിലും മേഘാലയയിലുമാണ് സത്യപാൽ മാലിക്ക് സേവനമനുഷ്ഠിച്ചിരുന്നത്. 2017 മുതൽ ഗവർണർ പദവി വഹിച്ച കാലഘട്ടത്തിൽ തന്നെ അദ്ദേഹം കേന്ദ്രത്തിന് വലിയ തലവേദന സൃഷ്ടിച്ചിട്ടുണ്ട്. ബിഹാർ ഗവർണറായി 2017-ലാണ് അദ്ദേഹം ചുമതലയേറ്റത് സംസ്ഥാനത്തെ എല്ലാ രാഷ്ട്രീയക്കാരും ബിഎഡ് കോളേജുകൾ സ്വന്തമാക്കിയെന്ന് അക്കാലത്ത് മാലിക് ആരോപിച്ചിരുന്നു. പട്‌നയിൽ ഒരു ദിവസം നടക്കുന്ന കൊലപാതകങ്ങളുടെ എണ്ണം കശ്മീരിൽ ഒരാഴ്ചയ്ക്കുള്ളിൽ നടന്ന മരണത്തിന് തുല്യമാണെന്നും അദ്ദേഹം പറയുകയുണ്ടായി. അന്ന് ബിഹാർ ഭരിച്ചത് ബിജെപി-ജെഡിയു സഖ്യമായിരുന്നു എന്നതും നാം ഓർക്കണം.
2019 ജൂലൈയിൽ, ജമ്മുവിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കവേ അഴിമതിക്കാരെ കൊല്ലാൻ തീവ്രവാദികളോടും സത്യപാൽ മാലിക്ക് ആഹ്വാനം ചെയ്തിട്ടുണ്ട്. “തോക്കുകളുള്ള ആൺകുട്ടികൾ നിരായുധരായ ആളുകളെ അനാവശ്യമായി കൊല്ലുകയാണ്… നിങ്ങളുടെ രാജ്യത്തിന്റെയും കശ്മീരിന്റെയും സമ്പത്ത് കൊള്ളയടിച്ചവരെ കൊല്ലുക” എന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിരുന്നത്. 2020 മാർച്ചിൽ പടിഞ്ഞാറൻ യുപിയിലെ ബാഗ്പട്ടിൽ നടന്ന ഒരു പൊതുയോഗത്തിൽ ഗവർണർമാർക്ക് പണിയൊന്നുമില്ലെന്നും കശ്മീരിലെ ഗവർണർമാർ പ്രധാനമായും മദ്യപിക്കുകയും ഗോൾഫ് കളിക്കുകയും ചെയ്യുകയാണെന്നും മാലിക്ക് കുറ്റപ്പെടുത്തിയിരുന്നു. ഇതേ മാസം അവസാനം ഗോവയിൽ സംസാരിക്കുമ്പോൾ ആർട്ടിക്കിൾ 370 റദ്ദാക്കുന്നതിന് ഒരു ദിവസം മുമ്പ് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞാൽ 1,000-ത്തിലധികം ആളുകൾ കൊല്ലപ്പെടുമെന്ന് അന്നത്തെ ചീഫ് സെക്രട്ടറിയിൽ നിന്ന് തനിക്ക് ഒരു ഫോണ്‍ കോൾ വന്നിരുന്നുവെന്നും സത്യപാൽ മാലിക്ക് വെളിപ്പെടുത്തിയിട്ടുണ്ട്.
2021 ഒക്ടോബറിൽ, ഇന്ത്യ ടുഡേ ടിവിക്ക് നൽകിയ അഭിമുഖത്തിൽ കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട കാര്യത്തിൽ ഗോവയിലെ സാവന്ത് സർക്കാർ തന്നെ ഇരുട്ടിൽ നിർത്തിയെന്നും കണ്ടെയ്ൻമെന്റ് സോണുകളിൽ നിന്ന് വരുന്ന രാജ്ഭവൻ ജീവനക്കാരെ തനിക്ക് ആശ്രയിക്കേണ്ടി വന്നെന്നു ആരോപിച്ചതും ഇതേ മാലിക് തന്നെയാണ്. 2021 ഫെബ്രുവരിയോടെ മാലിക് കേന്ദ്രത്തെ പരസ്യമായി വിമർശിക്കുകയുണ്ടായി. ദി ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ കാർഷിക നിയമങ്ങളെച്ചൊല്ലിയുള്ള പ്രതിഷേധങ്ങൾ സർക്കാർ കൈകാര്യം ചെയ്യുന്ന രീതിക്കെതിരെയായിരുന്നു മാലിക്കിന്റെ വിമർശനം. “ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ മോദി തങ്കം പോലെയായിരുന്നു എന്നും” എന്നാൽ ഡൽഹിയിൽ വന്നതിന് ശേഷം അത് മാറിയെന്ന അഭിപ്രായവും മാലിക്കിനുണ്ട്. ദി ട്രിബ്യൂൺ എന്ന മാധ്യമം ഇക്കാര്യം മുൻപ് റിപ്പോർട്ട് ചെയ്തിട്ടുമുണ്ട്.
2022 ഒക്ടോബറിൽ മേഘാലയ ഗവർണറുടെ കാലാവധി അവസാനിച്ച ശേഷം യുപിയിലെ ബുലന്ദ്ഷഹറിൽ ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്യുമ്പോൾ സായുധ സേനയിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനുള്ള അഗ്നിപഥ് പദ്ധതിയെയും രൂക്ഷമായാണ് മാലിക്ക് വിമർശിച്ചിരുന്നത്. സർക്കാർ യുവാക്കളുടെ ജീവിതം കൊണ്ടാണ് കളിക്കുന്നതെന്നായിരുന്നു ഈ മുൻ ഗവർണ്ണറുടെ പ്രതികരണം. മോദി സർക്കാർ ശുപാർശയിൽ വിവിധ സംസ്ഥാനങ്ങളിൽ ഗവർണ്ണറായ സത്യപാൽ മാലിക്ക് നിരന്തരം വിവാദങ്ങൾ സൃഷ്ടിച്ചിട്ടും വീണ്ടും വീണ്ടും അദ്ദേഹത്തിന് പദവികൾ നൽകിയത് ശരിയായില്ലന്ന നിലപാട് സംഘപരിവാർ നേതൃത്വത്തിനുമുണ്ട്. പുൽവാമയിലെ സത്യപാൽ മാലിക്കിന്റെ ആരോപണങ്ങളെ കേന്ദ്ര സർക്കാറും ബി.ജെ.പിയും അവഗണിക്കുമ്പോൾ തന്നെ വിവാദ പരാമർശങ്ങൾ നടത്താൻ മാലിക്കിനെ ആരെങ്കിലും സ്വാധീനിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ കേന്ദ്ര രഹസ്യാനേഷണ വിഭാഗങ്ങൾ നിലവിൽ ശക്തമായ അന്വേഷണമാണ് നടത്തി വരുന്നത്. പുറത്ത് വരുന്ന റിപ്പോർട്ടുകളും അതു തന്നെയാണ് സൂചിപ്പിക്കുന്നത്.
EXPRESS KERALA VIEW