ചൈനക്കെതിരെ കടലിൽ പ്രതിരോധം തീർക്കാൻ കൂടുതൽ യുദ്ധക്കപ്പൽ വാങ്ങാനായി മോദിസർക്കാർ

ന്യൂഡല്‍ഹി: ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനീസ് ഭീഷണി നേരിടുന്ന സാഹചര്യത്തില്‍ നാവിക സേനയെയും തീരസംരക്ഷണ സേനയെയും കൂടുതല്‍ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ കൂടുതല്‍ യുദ്ധക്കപ്പലുകളും ബോട്ടുകളും വാങ്ങാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍.

ഇന്ത്യന്‍ മഹാസമുദ്രം,പസഫിക് സമുദ്രത്തിന്റെ മധ്യ-കിഴക്കന്‍ ഭാഗങ്ങള്‍ എന്നിവയടങ്ങുന്ന ഇന്തോ-പസഫിക്; മേഖലയില്‍ ചൈന സൈനിക സാന്നിധ്യം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നു എന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സര്‍ക്കാറിന്റെ പുതിയ നീക്കം.

150 ബില്യണ്‍ രൂപ ചെലവിഴിച്ച് 6 മിസൈല്‍ വാഹിനി യുദ്ധകപ്പലുകളും 8 അതിവേഗ നിരീക്ഷണയാനങ്ങളും, ബോട്ടുകളും അനുബന്ധ ഉപകരണങ്ങളും വാങ്ങാനാണ് പദ്ധതി. സര്‍ക്കാരിന്റെ നയതന്ത്ര പങ്കാളിത്തത്തോടെയുള്ള ഈ പദ്ധതിയ്ക്കായി ഏഴു കപ്പല്‍ നിര്‍മാണ ശാലകളില്‍ നിന്നു ടെന്‍ഡര്‍ ക്ഷണിച്ചു. ലാര്‍സണ്‍ ആന്‍ഡ് ടൗബ്രോ, റിലയന്‍സ് നേവല്‍ ആന്‍ഡ് എഞ്ചിനീയറിങ് ലിമിറ്റഡ് എന്നി സ്വകാര്യ കമ്പനികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചിട്ടുണ്ട്.

കമ്പനികളെ തെരഞ്ഞെടുക്കുന്നത് കപ്പല്‍ നിര്‍മാണത്തിലുള്ള വൈദഗ്ധ്യം, കാര്യക്ഷമത എന്നിവയും സാമ്പത്തിക ശേഷിയും പരിഗണിച്ചായിരിക്കുമെന്നും ഏറ്റവും കുറഞ്ഞ തുക നിര്‍ദേശിക്കുന്ന കമ്പനിയ്ക്കായിരിക്കും കരാര്‍ നല്‍കുക എന്നും സര്‍ക്കാര്‍ വ്യക്തമാക്കി. നേവിയും കോസ്റ്റ്ഗാര്‍ഡുമായി ആലോചിച്ച ശേഷമായിരിക്കും ഏതു കമ്പനിക്കാണ് കരാര്‍ നല്‍കുന്നതെന്നു തീരുമാനിക്കുക.

സൈന്യത്തിന്റെ ആധുനിക വത്കരണത്തിനായി കഴിഞ്ഞ നാലുവര്‍ഷത്തിനിടെ കേന്ദ്രസര്‍ക്കാര്‍ ചെലവഴിച്ചത് 2.37 ലക്ഷം കോടി രൂപ എന്ന് പ്രതിരോധ സഹമന്ത്രി ശ്രീപദ് നായിക് രാജ്യസഭയില്‍ അറിയിച്ചിരുന്നു.

കഴിഞ്ഞ മൂന്ന് സാമ്പത്തിക വര്‍ഷങ്ങളിലായി സേനകള്‍ക്കാവശ്യമായ ആയുധങ്ങളും ഉപകരണങ്ങളും വാങ്ങുന്നതിന് വേണ്ടിയുള്ള 149 പ്രതിരോധ ഇടപാടുകളിലാണ് ഒപ്പുവയ്ക്കപ്പെട്ടതെന്നും 91 കരാറുകള്‍ ഇന്ത്യന്‍ കമ്പനികളുമായും 58 കരാറുകള്‍ വിദേശ കമ്പനികളുമായും ആയിരുന്നു എന്നും മന്ത്രി രാജ്യസഭയില്‍ വ്യക്തമാക്കിയിരുന്നു.

Top