ന്യൂഡല്‍ഹി : പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഗ്രാമീണ വികസനത്തില്‍ ഊന്നല്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു.
സമഗ്രസുസ്ഥിര ഗ്രാമവികസനത്തിനുള്ള പദ്ധതികളുമായാണ് മോദിസര്‍ക്കാര്‍ കൊണ്ടു വരുന്നത്. എല്ലാ മാസവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ നടത്തുന്ന ഗ്രാമവികസന മന്ത്രാലയത്തിന്റെ വിശകലന യോഗത്തിലാണ് ഈ തീരുമാനം.
കഴിഞ്ഞ യോഗത്തില്‍ ഉദ്യോഗസ്ഥരോടായി പ്രധാനമന്ത്രി ഒരു ചോദ്യം ഉന്നയിച്ചു. ‘നാം ചിലവഴിക്കുന്ന പണം അര്‍ഹരായവരില്‍ തന്നെയാണ് എത്തുന്നത് എന്ന് നമുക്ക് എങ്ങിനെ ഉറപ്പു വരുത്താന്‍ സാധിക്കും?’ എന്നായിരുന്നു അത്.
ഇതിന്റെ തുടര്‍ച്ചയായാണ് ഗ്രാമീണമേഖലയ്ക്ക് ഊര്‍ജമാകുന്ന നിരവധി പദ്ധതികളുണ്ടായിട്ടും അവയൊന്നും ജനങ്ങളിലേക്ക് എത്തുന്നില്ലെന്നാണ് യോഗം വിലയിരുത്തിയത്.
സര്‍ക്കാര്‍ അധികാരത്തിലെത്തിയ ആദ്യവര്‍ഷങ്ങളില്‍ ഗ്രാമീണ മേഖലയെ അവഗണിക്കുന്നതായി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ഗ്രാമീണ മേഖലയെ പരിഗണിക്കാനും പദ്ധതികള്‍ ഉറപ്പു വരുത്താനും ഗ്രാമീണ വികസനമന്ത്രാലയത്തിന് പ്രധാനമന്ത്രി നിര്‍ദേശം നല്‍കുകയും ചെയ്തു.
എന്നാല്‍ അത് പൂര്‍ണമായും ഫലം കണ്ടില്ലെന്ന പ്രധാനമന്ത്രിയുടെ വിലയിരുത്തുകയായിരുന്നു. ഗ്രാമീണമേഖലയിലെ ഭരണസംവിധാനത്തില്‍ ഉണര്‍വ് സൃഷ്ടിക്കാനും സാങ്കേതിക രംഗത്ത് സമഗ്രവികസനം ഉറപ്പു വരുത്താനും സര്‍വ്വസന്നാഹവും ഉപയോഗിക്കാനാണ് പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം.
തുടര്‍ന്ന് ഗ്രാമങ്ങളില്‍ സുസ്ഥിരമായ ജീവിതസാഹചര്യം ഒരുക്കുന്നതിനും ഗ്രാമപ്രദേശത്തെ കുടുംബങ്ങളുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനുമുള്ള പദ്ധതികളാണ് മന്ത്രാലയം ആസൂത്രണം ചെയ്തിരിക്കുന്നത്. 2019ലെ തിരഞ്ഞെടുപ്പിന് മുമ്പ് ഇതിന്റെ പ്രതിഫലനങ്ങള്‍ ഗുണഭോക്താക്കളില്‍ എത്തിക്കാനാണ് ശ്രമിക്കുന്നത്.
ഇത് സംബന്ധിച്ച പദ്ധതി രേഖ ഗ്രാമവികസനമന്ത്രാലയം പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ചു. എക്കാലത്തേയും വലിയ തുകയായ 1.05 ലക്ഷം കോടി രൂപയാണ് ഇതിനായി 201718ല്‍ സര്‍ക്കാര്‍ ബജറ്റില്‍ നീക്കിവെച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 95000 കോടിയായിരുന്നു ഇത്.
50000 ഗ്രാമപഞ്ചായത്തില്‍ വരള്‍ച്ചയെ തടുക്കാന്‍ ജലസംഭരണ പദ്ധതികളാണ് പ്രാഥമിക ഘട്ടത്തില്‍ നിര്‍മ്മിക്കുക നൈപുണ്യ വികസന പദ്ധതിയുടെ ഭാഗമായി 45 ലക്ഷം കുടുംബങ്ങളെ ഉള്‍പ്പെടുത്തി പ്രാരംഭ പദ്ധതി നടപ്പാക്കും. 55 ലക്ഷം കുടുംബങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്താനും അഞ്ച് കോടി സ്ത്രീകള്‍ക്കായി സ്വയം സഹായ സംഘങ്ങള്‍ രൂപീകരിക്കാനും പദ്ധതിയുണ്ടാകും.
ഗ്രാമവാസികള്‍ക്ക് പുതിയ ഗതാഗതസൗകര്യത്തോടൊപ്പം തൊഴിലവസരം വര്‍ധിക്കാന്‍ ലക്ഷ്യം വച്ചുള്ള പദ്ധതികളും മന്ത്രാലയം ലക്ഷ്യമിടുന്നുണ്ട്. ഇത് പ്രകാരം സംരംഭകര്‍ക്ക് 40 ശതമാനം കുറഞ്ഞ നിരക്കില്‍ യാത്രാവാഹനങ്ങള്‍ വാങ്ങാന്‍ അവസരമുണ്ടാകും.
ഇത്തരത്തില്‍ നിരവധി വികസന പദ്ധതികള്‍ ഉള്‍ക്കൊള്ളിച്ചാണ് പദ്ധതിരേഖ തയ്യാറാക്കിയിരിക്കുന്നതെന്ന് ഗ്രാമവികസന സെക്രട്ടറി അമര്‍ജീത് സിന്‍ഹ വ്യക്തമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ലക്ഷ്യങ്ങള്‍ കൃത്യമാണെന്നും അദ്ദേഹത്തിന്റെ നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് പദ്ധതികള്‍ ആസുത്രണം ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഗ്രാമീണമേഖലയുടെ സമഗ്രവും സുസ്ഥിരവുമായ വികസനം ചുരുങ്ങിയ കാലയളവില്‍ സാധ്യമാക്കാന്‍ കഴിയുന്ന തരത്തിലാണ് പദ്ധതികള്‍ ആസൂത്രണം ചെയ്തിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.