വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ രാഷ്ട്രീയ ചര്‍ച്ച വേണ്ട, മോദി സര്‍ക്കാര്‍ ഇത് അനുവദിച്ച് തരില്ല: പൊക്രിയാല്‍

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരെ സര്‍വ്വകലാശാലകളില്‍ പ്രതിഷേധം ശക്തമായിരിക്കെ വിവാദ പ്രസ്താവനയുമായി മാനവവിഭവശേഷി മന്ത്രി രമേഷ് പൊക്രിയാല്‍. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ രാഷ്ട്രീയം ചര്‍ച്ചചെയ്യാനുള്ള വേദിയാകുന്നത് മോദി സര്‍ക്കാര്‍ അനുവദിക്കില്ലെന്നാണ് മന്ത്രിയുടെ പ്രസ്താവന.

എല്ലാവര്‍ക്കും രാഷ്ട്രീയത്തില്‍ ഇടപെടാന്‍ സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ കോളേജുകളും സര്‍വ്വകലാശാലകളും അതില്‍നിന്ന് മാറി നില്‍ക്കണം, ദൂരെ സ്ഥലങ്ങളില്‍ നിന്ന് വരെ പഠനത്തിനായി എത്തുന്ന വിദ്യാര്‍ത്ഥികള്‍ ഉള്ളതാണെന്നും അദ്ദേഹം പറഞ്ഞു.”ഒരു തരത്തിലും നരേന്ദ്രമോദി സര്‍ക്കാര്‍ ഇത് അനുവദിച്ച് തരില്ല” – പൊക്രിയാല്‍ കൂട്ടിച്ചേര്‍ത്തു.

ജാമിയ മിലിയ യൂണിവേഴ്‌സിറ്റി, ജെഎന്‍യു, ഡെല്‍ഹി യൂണിവേഴ്‌സിറ്റി, ജദവ്പൂര്‍ യൂണിവേഴ്‌സിറ്റി, പ്രെസിഡന്റ്‌സി യൂണിവേഴ്‌സിറ്റികളില്‍ പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരെ വന്‍ പ്രതിഷേധം അലയടിക്കുകയാണ്.

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയേയും കോണ്‍ഗ്രസിനേയും പൊക്രിയാല്‍ രൂക്ഷമായി വിമര്‍ശിച്ചു. ‘അനധികൃത കുടിയേറ്റത്തിനെ 2005 ല്‍ എംപിയായിരിക്കെ എതിര്‍ത്ത ആളാണ് ബംഗാളിലെ ‘പരമാധികാരി’. മതപരമായി രാജ്യത്തെ വേര്‍തിരിക്കുന്നതില്‍ ഉത്തരവാദികള്‍ കോണ്‍ഗ്രസാണ്. അവരാണ് തെറ്റായ വിവരങ്ങള്‍ നല്‍കുന്നത്’ പൊക്രിയാല്‍ പറഞ്ഞു.

വിഭജനത്തിന്റെ സമയത്ത് പാക്കിസ്ഥാനില്‍ ഹിന്ദു, ബുദ്ധ, സിഖ്, ജൈന, ക്രിസ്തീയ മതന്യൂനപക്ഷങ്ങള്‍ 23 ശതമാനമായിരുന്നുവെന്നും എന്നാല്‍ ഇപ്പോഴത് വെറും മൂന്ന് ശതമാനമാണെന്നും അദ്ദേഹം പറഞ്ഞു. അവരെല്ലാം എവിടെപ്പോയെന്നതിനുള്ള മറുപടി മമതയും കോണ്‍ഗ്രസും നല്‍കണം. അവരെല്ലാം മരിച്ചോ അതോ മതംമാറ്റത്തിന് വിധേയരായോ എന്നും അദ്ദേഹം ചോദിച്ചു.

Top