രാഷ്ട്രീയ എതിരാളികള്‍ക്ക് എങ്ങനെയും എടുത്തിട്ട് വിമര്‍ശിക്കാമെങ്കിലും ചില കാര്യങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സമ്മതിച്ചു കൊടുക്കണം.
അവശ്യസാധനങ്ങളുടെ നികുതി നിരക്ക് 18 ശതമാനത്തിന് താഴെയാക്കുമെന്ന മോദിയുടെ പ്രഖ്യാപനമാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയിരിക്കുന്നത്. ഇത് അഭിനന്ദിക്കേണ്ട കാര്യം തന്നെയാണ്.
33 അവശ്യസാധനങ്ങളുടെ ജി.എസ്.ടി നിരക്ക് കുറച്ചുകൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ വാക്കുപാലിച്ചിരിക്കുന്നത്. ചരക്ക് സേവന നികുതി ഘടനയില്‍ ഇളവു വരുത്തിയാണ് ഇത് സാധ്യമാക്കുകയെന്ന് മുംബയില്‍ ഒരു സ്വകാര്യ ചടങ്ങില്‍ പ്രധാനമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.
കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന 31-ാം ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ എടുത്ത തീരുമാനങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. യോഗത്തില്‍ 26 ഉല്‍പ്പന്നങ്ങളുടെ നികുതി 18ല്‍ നിന്ന് 12ഉം 5ഉം ശതമാനമായും കുറച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഏഴ് ഉല്‍പ്പന്നങ്ങളുടെ ജി.എസ്.ടി 28ല്‍ നിന്ന് 18 ശതമാനമാക്കി കുറയും. സിമന്റ് ഉള്‍പ്പെടയുള്ള നിര്‍മ്മാണ സാമഗ്രികള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.
അതേസമയം, അവശ്യ സാധനങ്ങളുടെ നികുതി കുറച്ചുകൊണ്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കം തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള രാഷ്ട്രീയ ലക്ഷ്യം മുന്‍നിര്‍ത്തിക്കൊണ്ടാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
ഇന്ധന വില വര്‍ദ്ധനവാണ് ബിജെപി അധികാരത്തില്‍ വന്നതിന് ശേഷം വലിയ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ മേഖല. എന്നാല്‍, കഴിഞ്ഞ മാസം രാജ്യത്ത് തുടര്‍ച്ചയായി ആറ് ദിവസം ഇന്ധന വിലയില്‍ കുറവ് രേഖപ്പെടുത്തിയിരുന്നു. ആറുദിവസം കൊണ്ട് പെട്രോളിന് രണ്ട് രൂപ 31 പൈസയും, ഡീസലിന് രണ്ട് രൂപ 45 പൈസയുമാണ് കുറഞ്ഞത്. രണ്ട് ദിവസത്തിനുശേഷം സംസ്ഥാനത്തും കഴിഞ്ഞ ദിവസം ഇന്ധന വില കുറഞ്ഞിരുന്നു. പെട്രോളിന് 17 പൈസയും ഡീസലിന് 15 പൈസയുമാണ് കുറഞ്ഞത്. പാചക വാതക വിലയിലും കഴിഞ്ഞ ദിവസങ്ങളില്‍ കുറവ് ഉണ്ടായിട്ടുണ്ട്.
അവശ്യ സാധനങ്ങളുടെ വിലയില്‍ മാറ്റമുണ്ടാകുന്നതും ഇന്ധന വിലയില്‍ കുറവ് വന്നിരിക്കുന്നതും എന്‍ഡിഎ സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ വലിയ നേട്ടമാണ്.