രണ്ടാം വട്ടവും മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സ്ഥാനം ഏറ്റെടുത്ത ബിജെപിയുടെ ദേവേന്ദ്ര ഫഡ്‌നാവിസ് അപ്രതീക്ഷിതമായാണ് ശനിയാഴ്ച രാവിലെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഇതിന് ശേഷം മുംബൈയില്‍ പാര്‍ട്ടി ഓഫീസിന് പുറത്ത് പാര്‍ട്ടി പ്രവര്‍ത്തകരെ കണ്ട ഫഡ്‌നാവിസിന്റെ ആദ്യ വാക്കുകള്‍ ഇങ്ങനെയായിരുന്നു ‘മോദിയുണ്ടെങ്കില്‍ എല്ലാം സാധ്യം’.
‘ഞങ്ങള്‍ സ്ഥിരതയുള്ള ഒരു സര്‍ക്കാരിനെ നല്‍കും. മോദിയുണ്ടെങ്കില്‍ എല്ലാം സാധ്യം’, രണ്ടാം തവണ മുഖ്യനായ ഫഡ്‌നാവിസ് പ്രഖ്യാപിച്ചു. ഇദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് മിനിറ്റുകള്‍ക്കകം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിനന്ദന സന്ദേശം ട്വിറ്ററില്‍ തേടിയെത്തി. പുതിയ മുഖ്യമന്ത്രിക്കും, ഉപമുഖ്യമന്ത്രി എന്‍സിപി നേതാവ് അജിത് പവാറിനുമാണ് പ്രധാനമന്ത്രി അഭിനന്ദനം അറിയിച്ചത്.
ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയാകുമെന്ന് പ്രഖ്യാപിച്ച എന്‍സിപി മേധാവി ശരത് പവാറിനെ മറികടന്നാണ് അജിത് പവാര്‍ ബിജെപിക്കൊപ്പം നിലകൊള്ളുന്നതെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍. അജിത് പവാര്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ എത്തിയപ്പോള്‍ ഒപ്പമുണ്ടായിരുന്ന എംഎല്‍എമാര്‍ ഉള്‍പ്പെടെയുള്ളവരെ പരേഡ് ചെയ്യിച്ച് ശരത് പവാര്‍ ഇത് ആവര്‍ത്തിക്കുന്നു. എന്നാല്‍ 170 എംഎല്‍എമാരുടെ പിന്തുണയോടെ ബിജെപി വിശ്വാസവോട്ട് നേടുമെന്നാണ് അവരുടെ നേതാക്കള്‍ അവകാശപ്പെടുന്നത്.
ശിവസേന ഇനി ശബ്ദം ഉയര്‍ത്തേണ്ടെന്നാണ് മഹാരാഷ്ട്ര ബിജെപി പ്രസിഡന്റ് ചന്ദ്രകാന്ത് പാട്ടീല്‍ നല്‍കുന്ന ഉപദേശം. സഞ്ജയ് റൗത്ത് ശിവസേനയെ നശിപ്പിച്ചെന്നും അദ്ദേഹം ആരോപിച്ചു. ഒപ്പം നിന്ന ബിജെപിയ്ക്ക് എതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ത്തുകയും പിന്നീട് മറുകണ്ടം ചാടി പ്രതിപക്ഷത്ത് സഖ്യമുണ്ടാക്കാനും ശ്രമിച്ച നീക്കങ്ങള്‍ക്ക് റൗത്താണ് മുന്‍കൈ എടുത്തത്.