ചെന്നൈ: തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തമിഴ് ഭാഷയോട് പെട്ടെന്ന് സ്നേഹമെന്നും അത് ജനങ്ങൾക്ക് മനസ്സിലാകുമെന്നും മക്കൾ നീതി മയ്യം നേതാവ് കമൽ ഹാസൻ. തമിഴ് പഠിക്കാത്തതില്‍ ദുഖമുണ്ടെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന്‍ കീ ബാത്തിലെ പരാമര്‍ശത്തെ പരിഹസിച്ചാണ് കമല്‍ ഹാസന്റെ വിമർശനം.
“തമിഴില്‍ രണ്ട് വാക്ക് സംസാരിച്ചാല്‍ നമ്മളെല്ലാം അവര്‍ക്ക് വോട്ട് ചെയ്യുമെന്നാണ് അവര്‍ ചിന്തിക്കുന്നത്. തമിഴ്നാട്ടുകാരെ വില്‍പ്പനക്ക് വെച്ചിട്ടില്ല. തമിഴ്നാട്ടുകാരുടെ വോട്ടും വിൽപ്പനക്കില്ല” കമല്‍ ഹാസൻ വ്യക്തമാക്കി.
ഏപ്രില്‍ 6നാണ് തമിഴ്നാട്ടില്‍ വോട്ടെടുപ്പ് നടക്കുക. എഐഎഡിഎംകെയും ബിജെപിയും സഖ്യമായി മത്സരിക്കുമ്പോള്‍ ഡിഎംകെയും കോണ്‍ഗ്രസും ഒന്നിച്ച് തെരഞ്ഞെടുപ്പിനെ നേരിടുകയാണ്.മൂന്നാം മുന്നണിയുടെ സാധ്യതയാണ് മക്കള്‍ നീതിമയ്യം തേടുന്നതെന്നാണ് കമല്‍ ഹാസന്‍ വ്യക്തമാക്കിയത്.
തമിഴ്നാട്ടില്‍ അധികാരത്തിലെത്തിയാൽ എല്ലാ സ്ത്രീകൾക്കും സൗജന്യ ചികിത്സ ഉറപ്പാക്കുമെന്ന് കമൽഹാസൻ പ്രഖ്യാപിച്ചു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വനിതകൾക്ക് വീട് നൽകും, വനിതകൾക്കായി എല്ലാ ഗ്രാമങ്ങളിലും തൊഴിലധിഷ്ഠിത ക്ലാസുകൾ സംഘടിപ്പിക്കും തുടങ്ങിയവയാണ് മറ്റുപ്രഖ്യാപനങ്ങൾ.