ന്യൂഡല്‍ഹി: രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയ നരേന്ദ്ര മോദി സര്‍ക്കാരിന് റിപ്പോര്‍ട്ട് കാര്‍ഡുമായി ബിജെപി അധ്യക്ഷന്‍ അമിത് ഷാ. സ്ഥിരതയാര്‍ന്ന സര്‍ക്കാര്‍ എന്നാണ് പാര്‍ട്ടി വിശേഷിപ്പിച്ചിരിക്കുന്നത്.
അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ 2014 ലെ തിരഞ്ഞെടുപ്പില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ സാധിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര മന്ത്രിസഭ പുനഃസംഘടിപ്പിക്കുമെന്നും അമിത് ഷാ അറിയിച്ചു. എന്നാല്‍ തീയതി തീരുമാനിച്ചിട്ടില്ലെന്നു അദ്ദേഹം വ്യക്തമാക്കി.
രാജ്യത്ത് കഴിഞ്ഞ രണ്ടു വര്‍ഷം കൊണ്ട് ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന നേട്ടങ്ങള്‍ അമിത് ഷാ പത്രസമ്മേളനത്തില്‍ എണ്ണിയെണ്ണി പറഞ്ഞു. യുപിഎ ഭരണകാലത്തെ വിമര്‍ശിക്കുകയും ചെയ്തു. യുപിഎ സര്‍ക്കാര്‍ പോകുമ്പോള്‍ ഒഴിഞ്ഞ ട്രഷറിയും കാര്യങ്ങള്‍ മുന്നോട്ടു നീങ്ങാത്ത അവസ്ഥയുമായിരുന്നു ഉണ്ടായിരുന്നത്.
അഴിമതിയും കെടുകാര്യസ്ഥതയുമായിരുന്നു. എന്നാല്‍ രണ്ടു വര്‍ഷം കൊണ്ട് മോദി സര്‍ക്കാരിന് ഇക്കാര്യത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിച്ചു. രാജ്യത്തിന്റെ വലിയ കുതിപ്പിനുള്ള തുടക്കം കുറിക്കാന്‍ മോദി സര്‍ക്കാരിന് സാധിച്ചുവെന്നും അമിത് ഷാ അവകാശപ്പെട്ടു.
രാജ്യത്തിന് സ്ഥിരതയുള്ള സര്‍ക്കാരിനെ നല്‍കാന്‍ സാധിച്ചു. തീരുമാനങ്ങള്‍ എടുക്കാന്‍ സാധിക്കുന്ന ഒരു സര്‍ക്കാരാണിത്. ഏറെ വര്‍ഷത്തിന് ശേഷമാണ് ഇത്തരത്തിലൊരു സര്‍ക്കാരിനെ രാജ്യത്തിന് ലഭിക്കുന്നത്.
യുപിഎ സര്‍ക്കാര്‍ കാലത്ത് ഉണ്ടായതു പോലെ യാതൊരു ആരോപണങ്ങളും പുതിയ സര്‍ക്കാരിന് നേരെയുണ്ടായിട്ടില്ല. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ പ്രതിപക്ഷത്തിനു പോലും ഒരു അഴിമതി ആരോപണം ഉന്നയിക്കാന്‍ സാധിച്ചിട്ടില്ലെന്നും അമിത് ഷാ പറഞ്ഞു.