ഡൽഹി: പ്രധാനമന്ത്രിയായി അധികാരമേറ്റശേഷം നരേന്ദ്രമോദി സന്ദർശിച്ചത് നിരവധി വിദേശ രാജ്യങ്ങളാണ്.ഇന്ത്യക്ക് കൂടുതൽ വിദേശ ശ്രദ്ധ ലഭിക്കുവാനും രാജ്യത്ത് കൂടുതൽ വ്യവസായങ്ങൾ കൊണ്ടുവരുന്നിനും ഈ യാത്രകൾ ഉപകരിച്ചിട്ടുണ്ട്. അമേരിക്കയിൽ ഉൾപ്പടെ ലോകത്ത് മറ്റൊരു രാജ്യത്തലവനും കിട്ടാത്ത സ്വീകാര്യതയാണ് മോദിക്ക് ലഭിച്ചത്. ലോകമാദ്ധ്യമങ്ങൾ മോദിയുടെ സന്ദർശനത്തെ വാനോളം പുകഴ്ത്തുകയും ചെയ്തിരുന്നു. പുതുവർഷ ആശംസകൾ അറിയിക്കാൻ ലോക നേതാക്കളെ ഫോൺവിളിച്ചുകൊണ്ടാണ് മോദിയുടെ കഴിഞ്ഞ പുതുവർഷം ആരംഭിച്ചത്.
ആദ്യത്തെ രണ്ടാഴ്ചയ്ക്കുള്ളിൽ 11ലോകനേതാക്കളുമായാണ് അദ്ദേഹം ഫോണിൽ സംസാരിച്ചത്. അയൽ രാജ്യങ്ങൾക്കൊപ്പം അമേരിക്ക, ഫ്രാൻസ്, റഷ്യ തുടങ്ങിയ രാജ്യങ്ങളും ഇതിൽപ്പെടുന്നു. കഴിഞ്ഞ റിപബ്ളിക് ദിനത്തിൽ മോദിയുടെ ക്ഷണം സ്വീകരിച്ച് ബ്രസീൽ പ്രസിഡന്റ് ജെയർ ബോൾസോനാരാേ മുഖ്യാതിഥിയായി പങ്കെടുത്തു. ഫെബ്രുവരിയിൽ ചരിത്രംകുറിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇന്ത്യയിൽ സന്ദർശനം നടത്തി. 2020 മോദിയുടെ ആഗോള ഇടപെടലുകളുടെ മറ്റാെരുവർഷമായി മാറുമെന്ന തോന്നലുളവാകുന്നതിനിടെയാണ് കോവിഡ് മഹാമാരി കടന്നുവന്നത്.
വെർച്വൽ മീറ്റിംഗുകളിലൂടെ കൊവിഡിനെ അടിച്ചമർത്തുളള ശ്രമങ്ങൾക്ക് തുടക്കം കുറിക്കാനും മോദിക്ക് കഴിഞ്ഞു. കൊവിഡിനെ തടുക്കാനായി ഹൈഡ്രോക്സി ക്ളോറോക്വിൻ ഗുളികകൾ അമേരിക്ക ഉൾപ്പടെയുളള ലോകത്തെ പലരാജ്യങ്ങൾക്കും എത്തിക്കാൻ കഴിഞ്ഞത് ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ്. പല രാജ്യങ്ങൾക്കും സൗജന്യമായാണ് ഇത് വിതരണം ചെയ്തത്. ഇന്ത്യക്ക് ലോകത്തിന്റെ മുഴുവൻ ആദരം നേടാൻ ഇതിലൂടെ കഴിഞ്ഞു.