പാറ്റ്ന: തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ മുന്നണിക്ക് ശക്തി പകരാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ബീഹാറിലെത്തി. പ്രധാനമന്ത്രിയുടെ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികള്‍ക്ക് വെള്ളിയാഴ്ച രാവിലെയോടെയാണ് തുടക്കമായത്. മൂന്ന് റാലികളിലാണ് പ്രധാനമന്ത്രി പങ്കെടുക്കുന്നത്. ഇതില്‍ ആദ്യത്തെ റാലി സസ്രാത്തില്‍ ആരംഭിച്ചു. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനൊപ്പമാണ് പ്രധാനമന്ത്രി സസ്രാമിലെ റാലിയിലെ പങ്കെടുക്കാന്‍ എത്തിയത്.
ആദ്യ തിരഞ്ഞെടുപ്പ് റാലിയില്‍ മഹാസംഖ്യത്തിനെതിരെയും ആര്‍ജെഡിക്കെതിരെയും രൂക്ഷവിമര്‍ശനവുമായാണ് പ്രധാനമന്ത്രിയുടെ പ്രസംഗം ആരംഭിച്ചത്. നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ബീഹാര്‍ ഭരിക്കുന്നതിന് മുമ്പ് സംസ്ഥാനം കുറ്റകൃത്യങ്ങളും അഴിമതിയും കൊണ്ട് വീര്‍പ്പമുട്ടുകയായിരുന്നെന്ന് മോദി പറഞ്ഞു.
കൊവിഡ് പ്രതിരോധത്തില്‍ നിതീഷ് കുമാറിന്റെ പ്രവര്‍ത്തനങ്ങളെ പ്രധാനമന്ത്രി അഭിനന്ദിക്കുകയും ചെയ്തു. സര്‍ക്കാര്‍ വേഗത്തില്‍ പ്രവര്‍ത്തിച്ചില്ലായിരുന്നെങ്കില്‍ മഹാമാരി ഇനിയും ഒരുപാട് പേരുടെ ജീവനെടുക്കാമയിരുന്നു. ഇന്ന് ബീഹാര്‍ കൊവിഡുമായി യുദ്ധം ചെയ്തു കഴിഞ്ഞു. ഇപ്പോള്‍ ജനാധിപത്യത്തിന്റെ ഉത്സവം ആഘോഷിക്കുകയാണെന്ന് പ്രധാനമന്ത്രി റാലിയില്‍ വ്യക്തമാക്കി.
ഗാല്‍വാനില്‍ ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷത്തില്‍ വീരമൃത്യു വരിച്ച ബീഹാറിലെ ജവാന്മാരെയും പ്രധാനമന്ത്രി സ്മരിച്ചു. ഞാന്‍ അവരുടെ കാല്‍ക്കല്‍ തല കുനിച്ച് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയാണെന്നും പ്രധാനമന്ത്രി റാലിയില്‍ പറഞ്ഞു.
അന്തരിച്ച കേന്ദ്രമന്ത്രി രാം വിലാസ് പസ്വാന് പ്രധാനമന്ത്രി ആദരാഞ്ജലി അര്‍പ്പിച്ചു. രാം വിലാസ് പസ്വാന്‍ ജിക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നു. അദ്ദേഹത്തിന്റെ അവസാന ശ്വാസം വരെ തന്നോടൊപ്പമുണ്ടായിരുന്നു. പാവപ്പെട്ടവരുടെ ക്ഷേമത്തിലും ദളിതരുടെ ഉന്നമനത്തിന് വേണ്ടി അദ്ദേഹം ജീവിതം മുഴുവന്‍ നല്‍കിയെന്നും പ്രധാനമന്ത്രി റാലിയില്‍ വ്യക്തമാക്കി.