കൊല്ലം: ആര്‍ ശങ്കറിന് ജനസംഘം നേതൃത്വവുമായി വളരെ അടുത്ത ബന്ധം ഉണ്ടായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആര്‍ ശങ്കറും മന്നത്ത് പത്മനാഭനും ചേര്‍ന്നാണ് ഹിന്ദു മഹാമണ്ഡല്‍ ഉണ്ടാക്കിയത്. ജനസംഘം നേതാവ് ശ്യാമപ്രസാദ് മുഖര്‍ജിയും ശങ്കറും തമ്മില്‍ വലിയ അടുപ്പമുണ്ട്. ജനസംഘത്തിന്റെ സമ്മേളനത്തിലേക്ക് ആര്‍ ശങ്കറെ ശ്യാമ പ്രസാദ് മുഖര്‍ജി ക്ഷണിക്കുകയും ചെയ്തിരുന്നു. ജനസംഘത്തിന്റെ തുടര്‍ച്ചയാണ് ബിജെപിയെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ആര്‍ ശങ്കറെ ആര്‍എസ്എസുകാരനാക്കുകയാണെന്നാരോപിച്ച് ജന്മഭൂമിയില്‍ വന്ന വാര്‍ത്തയ്‌ക്കെതിരെ അദ്ദേഹത്തിന്റെ കുടുംബവും കോണ്‍ഗ്രസും ശക്തമായി രംഗത്തു വന്നിരിക്കെയാണ് പ്രധാനമന്ത്രി തന്നെ ആര്‍ ശങ്കറിന്റെ സംഘ്പരിവാര്‍ ബന്ധം പരാമര്‍ശിച്ച് രംഗത്ത് വന്നതെന്നും ശ്രദ്ധേയമാണ്.
കേരളാ മുന്‍മുഖ്യമന്ത്രിയും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയുമായിരുന്ന ആര്‍ ശങ്കറിന്റെ പ്രതിമ അനാവരണ ചടങ്ങില്‍ കൊല്ലത്ത് സംസാരിക്കുകയായിരുന്നു മോദി.
സാധാരണഗതിയില്‍ വളരെ ചുരുക്കം ചില രാഷ്ട്രീയ നേതാക്കള്‍ മാത്രമേ ജനങ്ങളുടെ മനസില്‍ ജീവിക്കുന്നവരായി നിലനില്‍ക്കാറുള്ളു. ആര്‍ ശങ്കര്‍ അതിമഹത്തായ കാര്യങ്ങള്‍ ചെയ്തു. അതിനാല്‍ ഇന്നും കേരളത്തിലെ ജനങ്ങളുടെ മനസില്‍ ജീവിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ശ്രീനാരായണ ഗുരുദേവന്‍ ഏതു സ്വപ്‌നമാണോ കണ്ടത് ആ സ്വപ്നം പ്രാവര്‍ത്തികമാക്കണമെന്ന് ആഗ്രഹിച്ച് അതിനായി പ്രയത്‌നിച്ച ആളാണ് ആര്‍ ശങ്കര്‍. രാഷ്ട്രീയ രംഗത്ത് പല വിട്ടുവീഴ്ചകളും നടത്തേണ്ടി വരാറുണ്ട് . അത്തരക്കാരെ പറയുന്നത് പ്രായോഗിക രാഷ്ട്രീയക്കാരെന്നാണ്. എന്നാല്‍ അതിനു ശ്രമിക്കാതെ ഗുരുദേവന്റെ വാക്കുകള്‍ പിന്തുടര്‍ന്ന് ജീവിക്കാനാണ് ആര്‍ ശങ്കര്‍ ശ്രമിച്ചതെന്നും മോദി വ്യക്തമാക്കി.
സമൂഹത്തിലെ ദളിതര്‍, ചുഷണം ചെയ്യപ്പെട്ടവര്‍ തുടങ്ങിയവരുടെ ജീവിതം മെച്ചപ്പെടുത്താനാണ് ആര്‍ ശങ്കര്‍ ശ്രമിച്ചത്. പിന്നോക്ക ജനവിഭാഗത്തിന് ഏതൊക്കെ അപമാനം നേരിടാമെന്ന് നേരിട്ട് അനുഭവിച്ച വ്യക്തിയാണ് ഞാന്‍. അതാരും തന്നെ പഠിപ്പിക്കേണ്ടെന്നും മോദി തുറന്നടിച്ചു.
പിന്നോക്കക്കാരുടെ കൈപിടിച്ച് വിദ്യാഭ്യാസത്തിലേക്ക് നടത്താന്‍ ശ്രമിച്ച വ്യക്തി നമ്മെ സംബന്ധിച്ച് ഗുരുതുല്യനും ഈശ്വര തുല്യനുമാണ്. ഗുജറാത്തിന്റെ മുഖ്യമന്ത്രി ആയിരുന്ന കാലത്ത് ഗുരുദേവന്റെ സമാധി സ്ഥലത്ത് വരാന്‍ അവസരം ലഭിച്ചു. അന്ന് ഗുരുവിനെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ അറിയാന്‍ സാധിച്ചു. ഉന്നമനത്തിവേണ്ടിയുള്ള എസ്എന്‍ഡിപി പ്രവര്‍ത്തകരുടെ ആഗ്രഹം അറിയാന്‍ ആ ചടങ്ങിലൂടെ കഴിഞ്ഞുവെന്നും മോദി പറഞ്ഞു.
ഈ ചടങ്ങിലേക്ക് ക്ഷണിച്ചതിന് വെള്ളാപ്പള്ളിയോടും സഹപ്രവര്‍ത്തകരോടും നന്ദിയുണ്ട്. പിന്നോക്കക്കാരുടെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിച്ച മഹാന്റെ പ്രതിമ അനാവരണത്തിന് സാഹചര്യം ഒരുക്കിയതിന് നന്ദി. തന്റെ ഓര്‍മ്മയില്‍ നിലനില്‍ക്കുന്ന അവസരമായിരിക്കുമിതെന്നും മോദി വ്യക്തമാക്കി.
പല മുഖ്യമന്ത്രിമാരും 5,10 വര്‍ഷം ആ സ്ഥാനത്തിരിക്കുന്നു. പലരും പ്രധാനമന്ത്രിമാരായി 10,15 വര്‍ഷം കഴിയുന്നു. പക്ഷേ സമൂഹം അവരെ ഓര്‍മ്മിക്കാറില്ല. എന്നാല്‍ ആര്‍ ശങ്കര്‍ ഇപ്പോഴും ജനഹൃദയത്തില്‍ ജീവിക്കുന്ന കര്‍മ്മയോഗിയാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ചില ആളുകളെ ജനങ്ങള്‍ വീട്ടിലേക്ക് പറഞ്ഞയച്ചു. അവര്‍ ഈ നാടിനെ മുന്നോട്ടു പോകാന്‍ സമ്മതിക്കുന്നില്ല. ഒന്നും ചെയ്യാന്‍ അനുവദിക്കില്ലെന്നാണ് അവരുടെ നിലപാടെന്നും കോണ്‍ഗ്രസിനെ പരാമര്‍ശിച്ച് മോദി പറഞ്ഞു.
വെള്ളാപ്പള്ളി പ്രസക്തമായ ചില കാര്യങ്ങളാണ് തന്നോട് ആവശ്യപ്പെട്ടിരിക്കുന്നത്.എന്നാല്‍ പാര്‍ലമെന്റ് ചേരുമ്പോള്‍ പുറത്ത് പ്രഖ്യാപനം നടത്താനാവില്ലെന്നും പ്രധാനമന്ത്രി അറിയിച്ചു.
ആര്‍ ശങ്കറിന്റെ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാനുള്ള എല്ലാ ശ്രമങ്ങളും കേന്ദ്രത്തിന്റെ ഭാഗത്തു നിന്നുണ്ടാവും. കേരളത്തിന്റെ വികസനത്തിന് ബിജെപി സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണയുണ്ടവുമെന്നും പറഞ്ഞു കൊണ്ടാണ് മോദി തന്റെ പ്രസംഗം അവസാനിപ്പിച്ചത്.
ഹെലികോപ്റ്ററില്‍ കൊല്ലം ആശ്രാമം മൈതാനത്ത് എത്തിയ പ്രധാനമന്ത്രി കാര്‍ മാര്‍ഗ്ഗമാണ് എസ് എന്‍കോളേജ് അങ്കണത്തില്‍ എത്തിയത്. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്.
അതേസമയം മുഖ്യമന്ത്രിയെ ചടങ്ങിനു ക്ഷണിച്ച ശേഷം ഒഴിവാക്കിയെന്ന വിവാദത്തിന്റെ പശ്ചാത്തലത്തില്‍ എന്‍ കെ പ്രേമചന്ദ്രന്‍ എംപി, എം എ അസീസ് എംഎല്‍എ, പി കെ ഗുരുദാസന്‍ എംഎല്‍എ, കൊല്ലം മേയര്‍ രാജേന്ദ്ര ബാബു എന്നിവര്‍ ചടങ്ങില്‍ നിന്ന് വിട്ടു നിന്നു.