റോത്താംഗ്: റോത്താംഗിലെ അടല്‍ തുരങ്കം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. തുരങ്കത്തിന്റെ ദക്ഷിണ പോര്‍ട്ടിലാണ് ഉദ്ഘാടനം നടന്നത്. തുരങ്കത്തിനു മുന്നില്‍ പ്രധാനമന്ത്രി ഫോട്ടോസെഷനിലും പങ്കെടുത്തു.
3,086 കോടി രൂപ ചെലവഴിച്ചാണ് അടല്‍ തുരങ്കം നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ഹിമാലയന്‍ മലനിരകളെ തുരന്ന് നിര്‍മ്മിച്ച രാജ്യത്തിന്റെ അഭിമാനപദ്ധതിയുടെ ഉദ്ഘാടനമാണ് പ്രധാനമന്ത്രി നേരിട്ട് നിര്‍വ്വഹിച്ചത്. ഏഴു മാസത്തിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ നേരിട്ടുള്ള ഉദ്ഘാടന പരിപാടിയാണിത്.
പത്തു വര്‍ഷം കൊണ്ട് പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷനാണ് അടല്‍ തുരങ്കം നിര്‍മ്മിച്ചത്. പദ്ധതിയില്‍ ഏറെയും മലയാളിത്തിളക്കമാണ്. മലയാളിയായ ചീഫ് എന്‍ജിനീയര്‍ കണ്ണൂര്‍ സ്വദേശി കെ.പി.പുരുഷോത്തമനാണ് പദ്ധതിക്ക് നേത്വത്വം നല്‍കിയത്. തുരങ്കത്തിന്റെ എഞ്ചീനീയറിംഗ് മാനേജ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ നടത്തിയത് മലയാളിയുടെ നേതൃത്വത്തിലുള്ള കമ്പനിയാണ് എന്ന പ്രത്യേകതയുമുണ്ട്.
മണാലി-ലേ ദേശീയ പാതയിലെ ദൂരം 45 കിലോമീറ്ററിലധികം തുരങ്കം കുറയ്ക്കുമെന്നതാണ് പദ്ധതിയുടെ പ്രധാന്യം. തുരങ്കം വന്നതോടെ മഞ്ഞുക്കാലത്തും ഈ പാതിയില്‍ യാത്ര നടത്താം. ഹിമാചലിലെ ഉള്‍നാടന്‍ ഗ്രാമങ്ങള്‍ക്കും പദ്ധതി ഗുണം ചെയ്യും.