ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ യുഎസ് കമ്പനികളെ ക്ഷണിച്ച് മോദി

ന്യൂഡല്‍ഹി: വിദേശ നിക്ഷേപം സുഗമമാക്കാന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളും അടിസ്ഥാന സൗകര്യങ്ങള്‍, പ്രതിരോധം, ബഹിരാകാശ ഗവേഷണം എന്നീ വിവിധ മേഖലകളില്‍ ഇന്ത്യ കൈവരിച്ച വളര്‍ച്ചയും ചൂണ്ടിക്കാട്ടി ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ യുഎസ് കമ്പനികളെ ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.

യുഎസ്-ഇന്ത്യ ബിസിനസ് കൗണ്‍സില്‍ സംഘടിപ്പിക്കുന്ന ഇന്ത്യഐഡിയാസ് ഉച്ചകോടിയിലാണ് മോദിയുടെ ക്ഷണനം. ‘ഇന്ന് ലോകത്തിനാകെ ഇന്ത്യയ്ക്ക് മേല്‍ ശുഭാപ്തി വിശ്വാസമുണ്ട്. കാരണം, ഇന്ത്യ സുതാര്യതയും അവസരങ്ങളും താല്‍പര്യങ്ങളും സമന്വയിപ്പിക്കുന്നു. പ്രധാന ബിസിനസ് റേറ്റിങ്ങുകളിലെല്ലാം ഇന്ത്യ ഉയരുന്നതില്‍ ഈ ശുഭാപ്തിവിശ്വാസമാണ് പ്രകടമാകുന്നത്. പ്രത്യേകിച്ച് ലോക ബാങ്കിന്റെ ഈസ് ഓഫ് ഡൂയിങ് ബിസിനസ് റേറ്റിങ് പോലുള്ളവയില്‍’ മോദി പറഞ്ഞു.

2019 ഒക്ടോബറിലെ കണക്കു പ്രകാരം ലോക ബാങ്കിന്റെ ഈസ് ഓഫ് ഡൂയിങ് ബിസിനസ് റേറ്റിങ്ങില്‍ 190 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 14 സ്ഥാനങ്ങള്‍ ഉയര്‍ത്തി 63ാം സ്ഥാനത്തെത്തി. 50ല്‍ എത്തുകയാണ് സര്‍ക്കാരിന്റെ ഇപ്പോഴത്തെ ലക്ഷ്യം. വിദേശ നിക്ഷേപങ്ങളുടെ കാര്യത്തില്‍ ഇന്ത്യ ഒരോ വര്‍ഷവും റെക്കോര്‍ഡ് ഉയര്‍ച്ചയിലേക്കാണ് നീങ്ങുന്നത്. ഉദാഹരണത്തിന് 201920 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപം 74 ബില്യന്‍ ഡോളറായിരുന്നു.

ഇത് മുന്‍ വര്‍ഷത്തേക്കാള്‍ 20 ശതമാനം കൂടുതലാണെന്നും മോദി പറഞ്ഞു. ഇന്ത്യയും യുഎസും തമ്മിലുള്ളത് ഊഷ്മളമായ ബന്ധമാണെന്നും മോദി പറഞ്ഞു. ‘പരസ്പരം പങ്കുവയ്ക്കുന്ന മൂല്യങ്ങളുള്ള രണ്ടു ജനാധിപത്യ രാജ്യങ്ങളാണ് ഇന്ത്യയും യുഎസും. ഫിനാന്‍സ്, ഇന്‍ഷുറന്‍സ് മേഖലകളില്‍ നിക്ഷേപം നടത്തുന്നതിനും ഇന്ത്യ നിങ്ങളെ ക്ഷണിക്കുന്നു.

ഇന്‍ഷുറന്‍സ് മേഖലയില്‍ എഫ്ഡിഐ പരിധി 49 ശതമാനമായി ഇന്ത്യ ഉയര്‍ത്തിയിട്ടുണ്ട്.കാര്‍ഷിക മേഖലയില്‍ ഇന്ത്യ അടുത്തിടെ ചരിത്രപരമായ പരിഷ്‌ക്കാരങ്ങള്‍ നടപ്പിലാക്കി. അഗ്രികള്‍ചര്‍ ഇന്‍പുട്ട്സ് ആന്റ് മെഷിനറി, വിതരണ നെറ്റ്വര്‍ക്കുകള്‍ എന്നിവയില്‍ വലിയ നിക്ഷേപ സാധ്യതകളാണ് ഇന്ത്യയിലുള്ളത്. യുഎസ്-ഇന്ത്യ സൗഹൃദം കഴിഞ്ഞ കാലങ്ങളില്‍ വളരെയേറെ മെച്ചപ്പെട്ടിട്ടുണ്ടെന്നും മോദി പറഞ്ഞു.

Top