ലോകത്തെ സ്വാധീനിച്ച വ്യക്തികള്‍;തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും സ്ഥാനം പിടിച്ച് മോദി

modi

ന്യൂയോര്‍ക്ക്: കഴിഞ്ഞ വര്‍ഷത്തില്‍ ലോകത്തില്‍ ഏറ്റവും അധികം സ്വാധീനിച്ച വ്യക്തികളുടെ പട്ടികയില്‍ തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും സ്ഥാനം പിടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകത്തിലെ ഏറ്റവുമധികം സ്വാധീനിച്ച വ്യക്തിയെ കണ്ടെത്താന്‍ പ്രശസ്ത യുഎസ് വാര്‍ത്താ മാഗസിന്‍ ‘ടൈം’ പ്രസിദ്ധീകരിച്ച പട്ടികയിലാണ് മോദി ഇടം നേടിയിരിക്കുന്നത്. 100 പേരുടെ ചുരുക്ക പട്ടികയാണിത്.

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍, ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്, ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍, തുര്‍ക്കി പ്രസിഡന്റ് റെസിപ് തയ്യിപ് എര്‍ദോഗന്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോ, സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍, ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേ ഇന്‍ തുടങ്ങിയവരാണ് പട്ടികയിലെ മറ്റു രാഷ്ട്രത്തലവന്മാര്‍.

ഫ്രാന്‍സിസ് മാര്‍പാപ്പ, മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല, ഫെയ്‌സ്ബുക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്, മുന്‍ യുഎസ് പ്രസിഡന്റ് ബറാക് ഒബാമ, പാക്ക്‌യുഎസ് നടന്‍ കുമൈല്‍ നന്‍ജിയാനി, ട്രംപിന്റെ മകള്‍ ഇവാന്‍ക ട്രംപ്, ട്രംപിന്റെ മരുമകന്‍ ജാറെദ് കുഷ്‌നര്‍, ആമസോണ്‍ മേധാവി ജെഫ് ബോസ്, ബ്രിട്ടിഷ് രാജകുടുംബാംഗങ്ങളായ വില്യം രാജകുമാരന്‍, പത്‌നി കാതറീന്‍, ഹാരി രാജകുമാരന്‍, പത്‌നി മെഗാന്‍, സ്‌പെയ്‌സ് എക്‌സ്‌ടെസ്‌ല സിഇഒ ഇലന്‍ മസ്‌ക്, ആപ്പിള്‍ സിഇഒ ടിം കുക്ക്, മുന്‍ എഫ്ബിഐ ഡയറക്ടര്‍ ജെയിംസ് കോമി, മീ ടു സമരസ്ഥാപക ടരാന ബുര്‍കെ തുടങ്ങിയവരും പട്ടികയിലുണ്ട്.

വായനക്കാരുടെ ഓണ്‍ലൈന്‍ വോട്ടിങ്ങില്‍ മുന്നിലെത്തിയാലും ‘ടൈം’ എഡിറ്റോറിയല്‍ ബോര്‍ഡിന്റേതാണ് അന്തിമ തീരുമാനം. 2013 മുതല്‍ പ്രധാനമന്ത്രി ഈ പട്ടികയില്‍ ഇടംപിടിച്ചു വരികയാണ്.

Top