ബംഗളുരു: ടിപ്പു സുല്‍ത്താന്റെ ജന്‍മദിനം ആഘോഷിച്ചതിന് കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. കര്‍ണാടകയില്‍ വോട്ട് ലഭിക്കാന്‍ വേണ്ടിയാണു കോണ്‍ഗ്രസ് ടിപ്പു ജയന്തി ആഘോഷിച്ചതെന്നും ഇതേ പാര്‍ട്ടി മറ്റു നേതാക്കളെ ബഹുമാനിക്കുന്നില്ലെന്നും മോദി ആരോപിച്ചു.കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ ബിജെപി തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
സുല്‍ത്താന്‍മാരുടെ കടന്നുകയറ്റത്തെ പ്രതിരോധിച്ച ധീരവനിത ഒനെക്ക് ഒബവ്വയെക്കുറിച്ച് ചിത്രദുര്‍ഗയിലെ ജനങ്ങള്‍ക്കറിയാം. ഒനെക്ക് ഒബവ്വയുടെ ധീരതയെ അഭിവാദ്യം ചെയ്യുന്നു. കോണ്‍ഗ്രസിനെ നോക്കൂ, പാര്‍ട്ടിയോ നേതാക്കളോ ഇത് ആഘോഷമാക്കുകയോ ഓര്‍മിക്കുകപോലുമോ ചെയ്യുന്നില്ല. വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായി അവര്‍ സുല്‍ത്താന്‍മാരുടെ ജയന്തി ആഘോഷിക്കുന്നു. ചിത്രദുര്‍ഗയിലെ ജനങ്ങളെ കോണ്‍ഗ്രസ് അപമാനിക്കുകയാണനെന്നും മോദി ആരോപിച്ചു
പതിനെട്ടാം നൂറ്റാണ്ടില്‍ കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ ജീവിച്ചിരുന്ന ഒരു ധീരവനിതയാണ് ഒനെക്ക് ഒബവ്വ. ഹൈദരലിയുടെ സൈന്യം ചിത്രദുര്‍ഗ വളഞ്ഞപ്പോള്‍ തുരങ്കത്തിലൂടെ കോട്ടയിലേക്കു കയറാന്‍ ശ്രമിച്ച മൈസൂര്‍ ഭടന്‍മാരെ ഒബവ്വ നേരിട്ടു. നിരവധി പേരെ ഇവര്‍ വധിച്ചെന്നാണു ചരിത്രം. ചിത്രദുര്‍ഗയിലെ സ്‌പോര്‍ട്‌സ് സ്റ്റേഡിയം ഒബവ്വയുടെ എന്ന പേരിലാണ് അറിയപ്പെടുന്നത്.
കഴിഞ്ഞ വര്‍ഷം ടിപ്പു സുല്‍ത്താന്‍ ജയന്തി ആഘോഷിക്കാനുള്ള കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനം മുഖ്യമന്ത്രി സിദ്ധരാമയെ വിവാദത്തിലാക്കിയിരുന്നു. ജയന്തി ആഘോഷത്തിനെതിരേ ബിജെപി രംഗത്തുവന്നതാണ് വിവാദത്തിനു കാരണമായത്