ഡല്‍ഹി: തന്റെ പേരിനൊപ്പം ‘ജി’ എന്ന് ചേര്‍ത്ത് വിളിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മോദിജി എന്ന് വിളിക്കുന്നതിലൂടെ അകലം അനുഭവപ്പെടുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പ് വിജയം കൂട്ടായ്മയുടെതെന്ന് ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ നരേന്ദ്ര മോദി വ്യക്തമാക്കി. രാജ്യസഭയില്‍ എത്തിയ പ്രധാനമന്ത്രിയെ മുദ്രാവാക്യം വിളിച്ചാണ് ബിജെപി എംപിമാര്‍ സ്വീകരിച്ചത്.
പാര്‍ലമെന്റില്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ ചര്‍ച്ച ചെയ്യാനാണ് ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേര്‍ന്നത്. യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അടക്കമുള്ളവര്‍ പങ്കെടുത്തു. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ വിജയം ആരുടെയും വ്യക്തിപരമായ നേട്ടമല്ല, കൂട്ടായ്മയുടെ വിജയമാണെന്ന് പ്രധാനമന്ത്രി യോഗത്തില്‍ പറഞ്ഞു.
അതിനിടെ കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗ് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ അപമാനിച്ചു എന്ന് ആരോപിച്ച് പാര്‍ലമെന്റ് ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാര്‍ പ്രതിഷേധിച്ചു. ജമ്മു കാശ്മീര്‍ പുനഃസംഘടന ഭേദഗതി ബില്‍, ജമ്മു കാശ്മീര്‍ സംവരണ ഭേദഗതി ബില്‍ എന്നിവ ഇന്ന് രാജ്യസഭ പരിഗണിക്കും.