ന്യൂഡല്‍ഹി: തീവ്രവാദ സംഘടന ഐഎസിന്റെ നേതൃത്വത്തിലുള്ള ഭീകരര്‍ ഗുജറാത്ത് തിരഞ്ഞെടുപ്പ് കാലയളവില്‍ ആക്രമണങ്ങള്‍ക്ക് പദ്ധതിയിടുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.
ഡിസംബറില്‍ നടക്കാന്‍ പോകുന്ന സംസ്ഥാന തിരഞ്ഞെടുപ്പില്‍ വിവിധയിടങ്ങളില്‍ വന്‍ തോതിലുള്ള ആക്രമണ പദ്ധതികളാണ് ഭീകരര്‍ ലക്ഷ്യമിടുന്നതെന്ന് ഇന്ത്യന്‍ ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ഗുജറാത്തിലെ തിരഞ്ഞെടുപ്പിനു മുന്‍പാകെ സംസ്ഥാനത്ത് 26/11 പോലുള്ള ആക്രമണമാണ് ഐഎസ്‌ഐ നേതൃത്വം നല്‍കുന്ന ഭീകരര്‍ ലക്ഷ്യം വയ്ക്കുന്നത്.
കഴിഞ്ഞ മാസം പാക്കിസ്ഥാന്‍ കോസ്റ്റ് ഗാര്‍ഡ് നാല് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പിടില്‍കൂടിയിരുന്നു. ഇവരില്‍ നിന്നും പാക്ക് ചാര സംഘടന ഇന്ത്യന്‍ തിരിച്ചറിയല്‍ കാര്‍ഡ് പോലുള്ള ഔദ്യോഗിക രേഖകള്‍ പിടിച്ചെടുക്കയും ചെയ്തു.
ഈ സാഹചര്യത്തില്‍ ഇവരുടെ രേഖകള്‍ ഉപയോഗിച്ച് ഭീകരര്‍ ഗുജറാത്തിലേക്ക് കടക്കുമെന്നാണ് ഇന്ത്യന്‍ ഇന്റലിജന്‍സ് വിലയിരുത്തുന്നത്.
കടല്‍ മാര്‍ഗം എത്തിച്ചേരുന്ന ഭീകരര്‍ ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് റാലികള്‍ സംഘടിപ്പിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി, യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്, മറ്റ് മുതിര്‍ന്ന ബിജെപി നേതാക്കള്‍ എന്നിവരെ ലക്ഷ്യമിടുമെന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്.
റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്, നേവി കൂടുതല്‍ ജാഗരൂകരായിരിക്കണമെന്ന് ആഭ്യന്തരമന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഒക്ടോബര്‍ 25ന് സൂറത്തില്‍ നിന്നും രണ്ട് ഐഎസ് ഭീകരരെ തീവ്രവാദ വിരുദ്ധ സേന പിടികൂടിയിരുന്നു. തിരഞ്ഞെടുപ്പ് സമയത്ത് അഹമ്മദാബാദില്‍ ബോംബ് സ്‌ഫോടനം നടത്താനാണ് ഇവര്‍ പദ്ധതിയിട്ടിരുന്നതെന്ന് സേന വ്യക്തമാക്കിയിരുന്നു.