MODI-KEALA-Strict traffic regulations

കോഴിക്കോട് : ബിജെപി ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രമന്ത്രിമാരും ഇന്ന് കോഴിക്കോട് എത്തും. യോഗത്തെത്തുടര്‍ന്ന് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഉച്ചയ്ക്ക് ശേഷം ബീച്ചിലേക്കുള്ള വാഹനങ്ങളുടെ പ്രവേശനം പൂര്‍ണമായും അടയ്ക്കും. നഗരത്തില്‍ ഇരുചക്ര വാഹനങ്ങള്‍ മുതല്‍ ഹെവി വാഹനങ്ങള്‍ വരെ വഴിതരിച്ചുവിടും. വയനാട് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ കാരന്തൂര്‍-തൊണ്ടയാട്-അരയിടത്തുപാലം വഴിയാണ് നഗരത്തിലെത്തേണ്ടത്. കണ്ണൂര്‍ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ പുതിയങ്ങാടി-പൂളക്കുന്ന്‌-വേങ്ങേരി വഴി അരയിടത്തുപാലം വഴി നഗരത്തിലെത്തണം.

മലപ്പുറം ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ പന്തീരങ്കാവ് ബൈപ്പാസ് വഴി തൊണ്ടയാട്- അരയിടത്തുപാലത്തേക്ക് തിരിച്ചുവിടും. പരപ്പനങ്ങാടി, തിരൂര്‍ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ മണ്ണൂര്‍മീഞ്ചന്ത വഴി റയില്‍വെസ്റ്റേഷനിലെത്തിയശേഷം ലിങ്ക് റോഡിലൂടെ മടങ്ങിപോകണം. പാലക്കാട്, തൃശൂര്‍ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ രാമാനാട്ടുകര-തൊണ്ടയാട്-അരയിടത്തുപാലം വഴി നഗരത്തിലെത്തിയിട്ട് അതുവഴി തന്നെ തിരിച്ചുപോകണം.

യോഗം നടക്കുന്ന സരോവരം, കടവ് റിസോര്‍ട്ട്, മോദി ഹെലികോപ്റ്ററില്‍ എത്തുന്ന വെസ്റ്റ് ഹില്‍ വിക്രം മൈതാനം, താമസിക്കുന്ന ഗസ്റ്റ് ഹൗസ് പരിസരം, സ്മൃതി സന്ധ്യ നടക്കുന്ന സാമൂതിരി ഹൈസ്‌കൂള്‍ മൈതാനം തുടങ്ങിയ സ്ഥലങ്ങളിലേക്ക് മറ്റുവാഹനങ്ങള്‍ക്ക് പ്രവേശനമുണ്ടാകില്ല.

Top