ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ച ജൂണ്‍ അവസാന വാരം നടക്കാന്‍ സാധ്യത.
ജൂണ്‍ 26 മുതല്‍ 28 വരെ മോദി വാഷിങ്ടണ്‍ സന്ദര്‍ശിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
ആഗോള, പാകിസ്താന്‍ കേന്ദ്രീകൃത തീവ്രവാദം മുഖ്യ അജണ്ടയാകുന്ന കൂടിക്കാഴ്ചയില്‍ എച്ച്‌വണ്‍ ബി വിസയുമായി ബന്ധപ്പെട്ട വിഷയങ്ങളും ചര്‍ച്ച ചെയ്യും. ആണവവിതരണ സംഘത്തിലെ (എന്‍എസ്ജി)അംഗത്വ വിഷയവും ഇന്ത്യ ചര്‍ച്ചയില്‍ ഉള്‍പ്പെടുത്തും.
പ്രതിരോധ രംഗത്തെ സഹകരണം, ദക്ഷിണേഷ്യയിലെ ചൈനയുടെ പ്രകോപനപരമായ നിലപാടുകള്‍ എന്നിവയും ചര്‍ച്ചയാകുമെന്നാണ് വിവരം. ഇന്ത്യന്‍ വംശജര്‍ക്കെതിരായ ആക്രമണങ്ങളും ഇന്ത്യക്കാരായ തൊഴിലാളികളുടെ സുരക്ഷ എന്നിവയും മോദി ട്രംപിന്റെ ശ്രദ്ധയില്‍പ്പെടുത്തും.
ട്രംപ് അധികാരത്തിലെത്തിയ ശേഷമുള്ള ആദ്യ കൂടിക്കാഴ്ചയാണ് ജൂണില്‍ നടക്കുക. നേരത്തെ ജനുവരിയില്‍ കൂടിക്കാഴ്ച നടക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും അത് സാധിച്ചിരുന്നില്ല.
ഇന്ത്യയുമായുള്ള ട്രംപിന്റെ കൂടിക്കാഴ്ച അതീവ ഗൗരവത്തോടെയാണ് ചൈനയടക്കമുള്ള രാജ്യങ്ങള്‍ വീക്ഷിക്കുന്നത്. ചര്‍ച്ചയില്‍ പാകിസ്താന്‍ കേന്ദ്രീകൃത തീവ്രവാദത്തിനെതിരായ ട്രംപിന്റെ നിലപാട് നിര്‍ണായകമാകും. പാക് തീവ്രവാദത്തിനെതിരെ ഇന്ത്യയോട് സഹകരിക്കാന്‍ യു.എസ് തയ്യാറായാല്‍ അത് ചൈനയ്ക്ക് തിരിച്ചടിയാകും.
ഇന്ത്യന്‍ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലും വിദേശകാര്യ സെക്രട്ടറി, എസ്. ജയ്ശങ്കര്‍ എന്നിവരുമായി യു.എസ് സുരക്ഷാ ഉപദേഷ്ടാവ് എച്ച്.ആര്‍ മെക്മാസ്റ്റര്‍ ഡല്‍ഹിയില്‍ നടത്തിയ ചര്‍ച്ചയിലായിരുന്നു മോദി – ട്രംപ് കൂടിക്കാഴ്ചയില്‍ പാക്, ആഗോള തീവ്രവാദം പ്രധാന അജന്‍ഡയായി തീരുമാനിച്ചത്.
പാക് തീവ്രവാദത്തിനെതിരെ ആഗോള തലത്തില്‍ കരുനീക്കം നടത്തുന്നതിനുള്ള സുപ്രധാന കൂടിക്കാഴ്ചക്ക് അവസരമൊരുക്കാന്‍ പരിശ്രമിച്ചത് യു.എസിലെ ഇന്ത്യന്‍ അംബാസിഡര്‍ നവതേജ് സര്‍ണയുടെയും സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമാണെന്ന് വാര്‍ത്തകളുണ്ടായിരുന്നു.
ജി 20 ഉച്ചകോടിയുടെ ഭാഗമായി ജൂലൈ ഏഴ്,എട്ട് തിയ്യതികളിലും ഇരുവരും കൂടിക്കാഴ്ച നടത്തുന്നുണ്ട്. തുടര്‍ച്ചയായ രണ്ട് കൂടിക്കാഴ്ചകളില്‍ തീവ്രവാദമടക്കമുള്ള വിഷയങ്ങളില്‍ സുപ്രധാന തീരുമാനങ്ങളുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ.