അതാണ് മോദി, പ്രതിപക്ഷത്തെ ഞെട്ടിച്ച് മുലായത്തിന്റെ പിന്തുണ

ന്യൂഡല്‍ഹി; മോദിയെ വീണ്ടും പ്രധാനമന്ത്രി പദത്തില്‍ കാണാന്‍ ആഗ്രഹമുണ്ടെന്ന പരാമര്‍ശവുമായി സമാജ്വാദി പാര്‍ട്ടി സ്ഥാപക നേതാവ് മുലായം സിങ് യാദവ്. മോദിയുടെ അവസാന ലോക്‌സഭ സമ്മേളന ദിനത്തിലാണ് മോദിയെ പിന്തുണയ്ക്കുന്ന പരാമര്‍ശവുമായി മുലായം രംഗത്ത് എത്തിയത്.

ഉത്തര്‍പ്രദേശില്‍ ബിഎസ്പിയുമായി ചേര്‍ന്ന് ബിജെപിയെ പരാജയപ്പെടുത്താന്‍ മുലായത്തിന്റെ മകന്‍ അഖിലേഷ് യാദവിന്റെ നേതൃത്വത്തില്‍ ശക്തമായ ശ്രമം തുടരുമ്പോഴാണ് മുലായത്തിന്റെ ഈ പ്രസ്താവന എന്നത് ശ്രദ്ധേയമാണ്.

‘അടുത്ത ലോക്‌സഭയിലും ഇപ്പോഴുള്ള അതേ എംപിമാരെത്തന്നെ ഇവിടെ കാണാനാകുമെന്നാണ് എന്റെ പ്രതീക്ഷ. നരേന്ദ്ര മോദി തന്നെ വീണ്ടും പ്രധാനമന്ത്രിയാകുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു. അദ്ദേഹത്തിന് ഒരു അവസരം കൂടി ലഭിക്കണം. ഓരോ ആവശ്യവുമായി എപ്പോഴൊക്കെ ഞാന്‍ അദ്ദേഹത്തെ കണ്ടിട്ടുണ്ടോ, അപ്പോഴെല്ലാം പെട്ടെന്നുതന്നെ അതു ചെയ്തുതന്നിട്ടുണ്ട്’ – മുലായം പറഞ്ഞു.

കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ തൊട്ടടുത്തു നിന്നായിരുന്നു മുലായത്തിന്റെ പ്രസ്താവന എന്നതും ശ്രദ്ധേയമായി. മുലായം മോദിയെ പുകഴ്ത്തുമ്പോള്‍ ചെറുചിരിയോടെയാണ് സോണിയ അടുത്ത് ഇരുന്നത്. മോദിയാകട്ടെ, മുലായത്തിനു നേരെ കൈകൂപ്പി. പിന്നീട് പ്രസംഗിക്കാന്‍ ഊഴം വന്നപ്പോള്‍ മുലായത്തിനു നന്ദി പറയുകയും ചെയ്തു.

Top